Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ.

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. പൊലീസ് നടപടിയിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായി സംഘടന ആരോപിച്ചു.

ഓണാഘോഷത്തിന് പിന്നാലെ സർവകലാശാലയിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിനുനേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കുകയും പിന്നാലെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തെന്നാണ് ആരോപണം.

സാധാരണ നിലയിൽ പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ നൽകാതെയാണ് പൊലീസ് മർദ്ദനം ആരംഭിച്ചതെന്നും എസ്‌എഫ്‌ഐ ആരോപിച്ചു. മാർച്ചിന്റെ ഉദ്ഘാടനത്തിന് പോലും സാവകാശം നൽകാതെയാണ് പൊലീസ് നടപടി ഉണ്ടായതെന്നും സംഘടന കുറ്റപ്പെടുത്തി.

എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ മർദ്ദിച്ചൊതുക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമാണോ നടപടിയെന്നും എസ്‌എഫ്‌ഐ ചോദിച്ചു. സർക്കാരിന്റെ സംഘപരിവാർ വിധേയത്വം സംബന്ധിച്ച വിമർശനങ്ങൾ ഉയരുന്നതിലുള്ള അസഹിഷ്ണുതയാണ് പൊലീസ് നടപടിക്ക് പിന്നിലെന്നും സംഘടന ആരോപിച്ചു.

വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാർത്ഥിനികൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയതെന്നും എസ്‌എഫ്‌ഐ ആരോപിച്ചു.

സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്‌എഫ്‌ഐ സർക്കാരിനോട് ആവശ്യപ്പെട്ടു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!