
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം
അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാവുകയാണ്. പണി പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം താമസിയാതെ നടക്കും. അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിൻ്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതാണ് കുമ്പിച്ചൽക്കടവ് പാലം. ഇരുകരകളെ മാത്രമല്ല മനുഷ്യമനസുകളെ കൂടി ഒന്നാക്കുന്നതാണ് ഈ പാലം.
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രുപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
നെയ്യാർ ഡാമിൻ്റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയതാണ് തൊടുമല ഗ്രാമം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോയ പതിനൊന്നു ആദിവാസി ഊരുകൾക്കും പുറംലോകത്തേക്കെത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു വാഹന ഗതാഗതയോഗ്യമായ ഒരു പാലം എന്നത്. പാലം നിർമ്മാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമ്മാണത്തിലേക്കെത്തിയിരുന്നില്ല.
കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ സഫലമാകുന്നത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള പ്രദേശവാസികൾ കടത്തു വള്ളത്തിനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. എന്നാൽ മഴക്കാലമായാല് കടത്തുവള്ളത്തിലെ യാത്ര ദുഃസ്സഹമാകും. മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്ക് പോലും വള്ളത്തിനായി കാത്തിരിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ അവസ്ഥ പരിഗണിച്ചാണ് കുമ്പിച്ചൽക്കടവിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതി നിരവധി തടസ്സങ്ങൾക്കൊടുവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തിൻ്റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ റോഡും രണ്ട് വശത്തും നടപ്പാതയുമുണ്ട്.
അമ്പൂരി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
