Ananthapuri Online News

Anantham Athivegam Ananthapuri Varthakal

എസ്ഐആർ മൂന്നാം ഘട്ടം: 6.15 കോടി വോട്ടർമാർ കരട് പട്ടികയ്ക്ക് പുറത്ത്; പ്രതിഷേധം ശക്തം

ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധനയായ എസ്ഐആറിന്റെ (Special Intensive Revision) മൂന്നാം ഘട്ടത്തിൽ 6.15 കോടിയിലധികം വോട്ടർമാർ കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായതായി റിപ്പോർട്ട്. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ട എസ്ഐആർ നടപടികൾ പുരോഗമിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം രണ്ടരക്കോടിയോളം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് കണക്ക്. മഹാരാഷ്ട്രയിൽ മാത്രം 2.068 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മൂന്നാം ഘട്ടത്തിൽ നാഗാലാൻഡും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. നാഗാലാൻഡിലെ കരട് പട്ടിക സെപ്റ്റംബർ 20നും ത്രിപുരയിലേത് ഒക്ടോബർ 21നും പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്.

ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും കരട് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 6.15 കോടി പേരെ കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് കണക്ക്. ഇത് ആകെ വോട്ടർമാരുടെ ഏകദേശം 17 ശതമാനം വരും.

അതേസമയം, വോട്ടർപട്ടികയിൽനിന്നുള്ള വ്യാപകമായ ഒഴിവാക്കലിനെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. എസ്ഐആർ നടപടിയിലൂടെ അർഹരായ വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അധികാരികൾ നിർദേശിക്കുന്ന നടപടിക്രമങ്ങളിലൂടെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസരമുണ്ട്. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഈ നടപടികൾ പൂർത്തിയാക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!