എച്ച് ഐ വി സത്യവും മിഥ്യയും

എച്ച് ഐ വി അഥവാ എയ്ഡ്‌സ് എന്ന അസുഖത്തെക്കുറിച്ച് ശരിയായ അവബോധം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്. ഈ രോഗത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് തന്നെയാണ് ഈ അസുഖം പരക്കുന്നതിനും രോഗികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിനും പലപ്പോഴും വഴിവയ്ക്കുന്നത്.

ചികിത്സയില്ലാത്ത ഒരു രോഗം എന്നാണ് പൊതുവെ പറയപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് എച്ച് ഐ വി അണുബാധ. തികച്ചും വാസ്തവ വിരുദ്ധമായ ഒരു കാര്യമാണിത്. പുതിയ ചികിത്സാ രീതികള്‍ കൊണ്ട് എളുപ്പം രോഗ നിയന്ത്രണം നടത്താന്‍ സാധിക്കുന്ന ഒരു അണുബാധയാണ് ഇത്. പണ്ടത്തെ അപേക്ഷിച്ച് പാര്‍ശ്വഭലങ്ങള്‍ വളരെ കുറവാണ് ഈ കാലഘട്ടത്തിലെ മരുന്നുകള്‍ക്ക്.

രോഗനിര്‍ണ്ണയം വേഗം നടത്തുക എന്നതാണ് ഈ അണുബാധയെ ചികിത്സിക്കുന്നതില്‍ ഏറ്റവും പ്രധാനം. കാരണം അസുഖം പഴകും തോറും ശരീരത്തിന്റെ പ്രതിരോധ ശേഷി പടിപടിയായി കുറഞ്ഞ് മറ്റു പല അസുഖ ബാധകള്‍ക്കും വഴിവയ്ക്കും. പ്രധാനമായും ക്ഷയരോഗം, ചില പൂപ്പല്‍ ബാധകള്‍ തുടങ്ങി കാന്‍സറിന് വരെ ഈ രോഗനിര്‍ണ്ണയം നേരത്തെ നടത്താതിരുന്നാല്‍ വഴിവയ്ക്കുന്നതാണ്. അത്തരം രോഗങ്ങളുംടെ ചികിത്സകള്‍ പലപ്പോഴും ശ്രമകരമാകാറുണ്ട്. അതിനാല്‍ തന്നെ വിട്ടുമാറാത്ത പനി, വയറിളക്കം, വിശപ്പില്ലായ്മ, കാരണം കൂടാതെ തൂക്കം കുറയുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ സ്വകാര്യ മേഖലയിലെ ആശുപത്രിയിലോ പോയി രേഗമില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുക, രോഗിയായ അമ്മയില്‍ നിന്നും ഗര്‍ഭകാലത്ത് കുഞ്ഞിലേയ്ക്ക്, രോഗമുള്ള ആളുമായി ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുക, പൂര്‍ണ്ണമായും അണുവിമുക്തമാക്കാത്ത സൂചികള്‍ കൊണ്ട് കിട്ടുന്ന കുത്തുകള്‍ (പ്രധാനമായും മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍) ഇവയാണ് ഈ രോഗം മറ്റൊരാളിലേയ്ക്ക് പകരാനുള്ള സാദ്ധ്യതകള്‍.

ഇനി അഥവാ അങ്ങനെ ഒരു സാഹചര്യം ജീവിതത്തില്‍ ഉണ്ടായാല്‍ പോലും രോഗം വരാതിരിക്കാനുള്ള Post Exposure Prophylaxis മരുന്നുകള്‍ പെട്ടെന്ന് തന്നെ കഴിച്ചാല്‍ പിന്നെ അസുഖം വരാതിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കൃത്യ സമയത്ത് തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി പറയുക എന്നത് വളരെ പ്രധാനമാണ്.

ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണാന്‍ പലപ്പോഴും വര്‍ഷങ്ങള്‍ എടുക്കും. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ ഇത് പല തെറ്റിദ്ധാരണകള്‍ക്കും കാരണമാകാറുണ്ട്. നോരത്തേയുള്ള രോഗനിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാദ്ധ്യമാണ്. പുതിയ തരം ELISA പരിശോധനകള്‍ ഉപയോഗിച്ച് രണ്ടാഴ്ച്ച മുതല്‍ തന്നെ രോഗനിര്‍ണ്ണയത്തിന് സാധിക്കുന്നതാണ്. പലപ്പോഴും ടെസ്റ്റ് 6 മാസത്തിനു ശേഷവും Negative ആയാല്‍പോലും തനിക്ക് രോഗമുണ്ടോ എന്ന് സംശയിച്ച് നടക്കുന്ന പലരും ഉണ്ട്. തീര്‍ച്ചയായും ഇത് ഒരു വലിയ അബദ്ധമാണ്. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന രോഗി പലതരം മാനസിക രോഗങ്ങള്‍ക്ക് കീഴ്‌പ്പെടും. ശരിയായ അറിവില്ലാതെ വെറുതെ ഇന്റര്‍നെറ്റില്‍ കാണുന്നതൊക്കെ വിശ്വസിക്കരുത്. വിഷാദരോഗം മുതല്‍ ആത്മഹത്യാ പ്രവണതകള്‍ വരെ ഈ രോഗികളില്‍ കാണാറുണ്ട്. തനിക്ക് എച്ച് ഐ വി ഉണ്ടോ എന്ന ആശങ്ക എപ്പോഴും ഒരു ഡോക്ടറുടെ സഹായത്തോടെ മാറ്റി എടുക്കുവാന്‍ സാധിക്കുന്നതാണ്. സ്വയം നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പലരും സ്വയം മറ്റുള്ളവരുടെയും സൈ്വര ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു.

രോഗം ബാധിച്ച ആളുടെ ഒപ്പം ഒരു മുറിയില്‍ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകള്‍ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകര്‍ച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികള്‍ ഒരുപാട് പുരോഗമിച്ചതോടെ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകര്‍ച്ചയെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നു എന്ന അവസ്ഥവരെ ഇന്നുണ്ട്.

അതിനാല്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ച നിര്‍ഭാഗ്യവാന്മാരെക്കൂടി നമുക്ക് ഒപ്പം ചേര്‍ക്കാം. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

Dr. Shareek P.S.
Consultant – Infectious Disease
SUT Hospital, Pattom

error: Content is protected !!