ഇടമലക്കുടി ട്രൈബൽ എൽ.പി. സ്കൂളിനെ യു പി സ്കൂളായി ഉയർത്തും

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ സ്കൂളിൽ പരിശീലിപ്പിച്ച് വിജയിപ്പിച്ച ഭാഷാ വികസന പരിപാടിയായ പഠിപ്പുറസിയുടെ വിജയപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു. പ്രത്യേക സവിശേഷത നിറഞ്ഞവരും നാടിൻറെ ശ്രദ്ധ ഏറെ ലഭിക്കുന്നവരുമാണ് ഇടമലക്കുടിക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമത്തിനുള്ളിലെ കളിയിടങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും മുതുവാൻ ഭാഷ നിലനിർത്തിക്കൊണ്ടു തന്നെ മലയാളഭാഷയിൽ മികച്ച വിദ്യാഭ്യാസമുള്ളവരായി വളരണമെന്നും അദ്ദേഹം കുട്ടികളെ ആശംസിച്ചു.

പഠിപ്പുറസി വിജയ പ്രഖ്യാപനത്തിനൊപ്പം പ്രശംസ പത്രവും ട്രൈബൽ സ്കൂൾ അധികൃതർക്ക് മുഖ്യമന്ത്രി സമ്മാനിച്ചു . ഇടമലക്കുടി ട്രൈബൽ എൽ പി സ്കൂളിനെ യുപി സ്കൂളായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിർദേശം നൽകി . ഇതോടെ ഇടമലക്കുടിയിലെ കുട്ടികളുടെ ഉപരിപഠനം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സദസ്സിനെ അറിയിച്ചു . കുട്ടികൾ സ്നേഹപ്പൂക്കൾ നൽകിയാണ് മുഖ്യമന്ത്രിയെയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും എതിരേറ്റത് . പഠിപ്പുറസിയിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ കുട്ടികൾക്കും സമഗ്ര ശിക്ഷ കേരളം കരുതിയിരുന്ന പഠനോപകരണങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. സ്കൂളിന് ആവശ്യമായ കൂടുതൽ സൗകര്യങ്ങളെ കുറിച്ച് മലയാളത്തിൽ തന്നെ കുട്ടികൾ സംസാരിച്ചത് സദസ്സിനെ അത്ഭുതപ്പെടുത്തി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, ഐ എ എസ് സന്നിഹിതരായിരുന്നു. സമഗ്ര ശിക്ഷ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ നന്ദി പറഞ്ഞു . ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മന്ത്രിമാരായ കെ രാധാകൃഷ്ണൻ , കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവർ ഹാളിൽ എത്തി കുട്ടികളെ അഭിനന്ദിച്ചു.

നിയമസഭാ നടപടികൾ ഗ്യാലറിയിലിരുന്ന് കണ്ടതിനു ശേഷം നിയമസഭാ ചരിത്ര മ്യൂസിയവും കുട്ടികൾ സന്ദർശിച്ചു. ഏറെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് ഇടമലക്കുടി സംഘം നിയമസഭയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത് . തുടർന്ന് പ്രിയദർശിനി പ്ലാനറ്റോറിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയവും കണ്ട് ശംഖുംമുഖത്ത് സായാഹ്ന സന്ദർശനവും പൂർത്തിയാക്കി ഇന്ന് രാത്രിയോടെ സംഘം ഇടമലക്കുടിക്ക് യാത്ര തിരിക്കും.

error: Content is protected !!