തൊഴിൽ സ്ഥലത്തും അല്ലാതെയുമുള്ള വേദികളിൽ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമവും ചൂഷണവും സംബന്ധിച്ച കാര്യങ്ങളിൽ പരാതി നൽകാൻ സ്ത്രീകൾ മടിക്കരുതെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. തിരുവനന്തപുരം ഇൻഫോപാർക്കിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അംഗം.
പരാതി പറയാൻ സ്ത്രീകൾ പലപ്പോഴും തയ്യാറാകാറില്ല. പരാതി പറഞ്ഞാൽ തൊഴിൽ സ്ഥലത്തും പുറത്തും തനിക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഓർത്താണ് പലരും പരാതി പറയാത്തത്. എന്നാൽ അവർക്ക് വനിതാ കമ്മീഷനെ സമീപിക്കാനാവും. ഒരു വെള്ള പേപ്പറിൽ പേരും വിലാസവും ഫോൺ നമ്പർ ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തി പരാതി നൽകാം.
എന്തു പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിരിക്കണം. തുടർന്ന് ഇരു കൂട്ടരെയും വിളിച്ച് സംസാരിച്ച് പരിഹാരമുണ്ടാക്കാൻ വനിതാ കമ്മീഷനാകും. കമ്മീഷൻ ആസ്ഥാനത്തോ എറണാകുളം, കോഴിക്കോട് മേഖല ഓഫീസുകളിലോ പരാതി നൽകാം. ഈമെയിലായും പരാതി നൽകാമെന്ന് അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു.
ഇൻഫോസിസ് ട്രെയിനിങ് ഹാളിൽ നടന്ന ചടങ്ങിൽ ഡെവലപ്പ്ഡ് സെൻ്റർ ഹെഡ് സുനിൽ ജോസ് അധ്യക്ഷനായിരുന്നു. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ. ചന്ദ്രശോഭ, പ്രൊജക്റ്റ് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ഇൻഫോസിസ് എച്ച് ആർ ഡി വിഭാഗം എംപ്ലോയീസ് റിലേഷൻസ് സീനിയർ മാനേജർ ലിയോൺസ് എസ്. അബ്രഹാം, ടി.പി. ഇന്ദു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വി.എൽ ബുദ്ധി. അനീഷ ‘നിയമം 2013’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.