സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നതിനാൽ ശക്തമായ നിരീക്ഷണം നടത്തണമെന്ന ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്‌സൈസ് ഐബി പാർട്ടിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ചിരുന്ന യൂണിറ്റിൽ നിന്നും ഗഞ്ചാവ് പിടികൂടി. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന നിവിൻ പോളി ചിത്രമായ ബേബി ഗേളിലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വർ എന്നയാളിൽ നിന്നും കഞ്ചാവ് പിടികൂടിയത്. ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി. ആർ. മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ആർ.പ്രകാശ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർ വിജേഷ്, സിവിൽ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും, തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാനും പാർട്ടിയും ഉണ്ടായിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ സംഭവസ്ഥലത്ത് എത്തിച്ചേർന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.ടി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതാണ്. സിനിമ മേഖലയിലുള്ള നിരവധി ആളുകളെ നിരീക്ഷിച്ചു വരികയാണെന്നും എക്സൈസ് അറിയിച്ചു.