ആറ്റിങ്ങൽ പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ സർക്കാർ പോളിടെക്നിക്ക് കോളേജിലെ പുതിയ അക്കാദിമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.വിദ്യാർത്ഥികളിലെ തൊഴിൽനൈപുണ്യം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അകലം നികത്താനായി നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. നൂതന ആശയങ്ങൾ വിദ്യാർത്ഥികളിൽ രൂപപ്പെടാനായി സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകൾ മുഖാന്തരം കെ -ഡിസ്കിന്റെ ആഭിമുഖ്യത്തിൽ യങ് ഇന്നൊവേറ്റേഴ്‌സ് ക്ലബ് എന്ന ആശയം സാക്ഷാത്കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വിദ്യാർത്ഥി നൂതനാശയം മുന്നോട്ടുവച്ചാൽ അവ പ്രായോഗിക രീതിയിൽ ആവിഷ്കരിക്കാനായി 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപവരെ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം വഴി സർക്കാർ നൽകുന്നുണ്ട്.

പുതിയ അക്കാദമിക് ബ്ലോക്ക് നിർമാണത്തിനായി 8.50 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് നിലകളിലായി ആകെ 3,252 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂമുകൾ, സെമിനാർ ഹാൾ എന്നിവ കൂടാതെ ഓരോ നിലകളിലും പ്രത്യേകം ശുചിമുറികൾ, സ്റ്റെയർകേസുകൾ, ലിഫ്റ്റ് എന്നിവയും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദറാമ്പും ശുചിമുറിയും കെട്ടിടത്തിൽ സജ്ജീകരിക്കും.

ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക്ക് കോളേജ് അങ്കണത്തിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒ. എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ എസ്. കുമാരി,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. രാജശ്രീ എം. എസ്,കോളേജ് പ്രിൻസിപ്പാൾ ഷാജിൽ.എ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!