ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവേശനത്തിന് ഭിന്നശേഷിക്കുട്ടികളുടെ നിലയ്ക്കാത്ത ഒഴുക്ക്

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശനത്തിന് നിലയ്ക്കാത്ത ഒഴുക്ക്. മൂവായിരത്തിലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഈ അപേക്ഷകളില്‍ നിന്നും പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഭിന്നശേഷി കലാമേള ഭിന്നഭാവങ്ങളുടെ സംഗമവേദിയായി. ഇതോടെ രണ്ട് ദിവസം നീളുന്ന ഭിന്നശേഷിക്കുട്ടികളുടെ കലാമാമാങ്കത്തിനാണ് തുടക്കമായത്. സെന്ററിലെ ഏഴോളം വേദികളില്‍ നടന്ന വിസ്മയ പ്രകടനങ്ങള്‍ കാണികളുടെ മനം കവര്‍ന്നു.

സഹയാത്ര എന്ന പേരില്‍ നടന്ന ടാലന്റ് ഷോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുത്തു. മാജിക്, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണ സംഗീതം, സ്‌പെഷ്യല്‍ ടാലന്റ്‌സ്, മിമിക്രി തുടങ്ങിയ വിവിധ കലകളിലാണ് കുട്ടികള്‍ മാറ്റുരച്ചത്. സെറിബ്രല്‍ പാഴ്‌സി, ഡൗണ്‍ സിന്‍ഡ്രോം, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ഓട്ടിസം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരാണ് പങ്കെടുക്കുവാനെത്തിയത്. കലാമേളയ്ക്ക് നാളെ (തിങ്കള്‍) സമാപനമാകും. തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് അസെസ്‌മെന്റ് പൂര്‍ത്തിയാക്കിയായിരിക്കും പ്രവേശനം നല്‍കുക. കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിനുപുറമേ സൗജന്യ തെറാപ്പികളും നല്‍കും. കലാമേളയ്ക്ക് ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കി.

error: Content is protected !!