വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു

മാറിവരുന്ന സാമൂഹിക സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കാലത്തിന്റെ അനിവാര്യതയായെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രീ/പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള വനിത കമ്മിഷന്‍ അധ്യക്ഷ.
 കുടുംബ ജീവിതത്തെക്കുറിച്ചുള്ള സങ്കല്പം മാറിവരുന്ന സാഹചര്യത്തില്‍ കൗണ്‍സിലിംഗ് അനിവാര്യമായി. വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകള്‍ നിലനില്ക്കുന്നുണ്ട്. ഇത് വിവാഹമേ വേണ്ട എന്ന നിലപാടിലേക്ക് ചെറുപ്പക്കാരെ നയിക്കുന്നു. ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ചുള്ള അവബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട സാഹചര്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചതായും കേരള വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. പ്രിയദര്‍ശിനി, ഗീതാ നസീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലെനിന്‍ രാജ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത. എസ്. ബാബു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജെ. സീനത്ത്,  
വനിതാ കമ്മിഷന്‍ റിസേര്‍ച്ച് ഓഫീസര്‍ എ. അര്‍ച്ചന, വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍മാരായ പത്മജാദേവി, വി. ജ്യോതിഷ്മതി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സീമ എന്നിവര്‍ സംസാരിച്ചു.  കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.ജി. ബീനമോള്‍ ക്ലാസ് നയിച്ചു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ചെറുന്നിയൂര്‍, ഇടവ, ചെമ്മരുതി, മണമ്പൂര്‍, വെട്ടൂര്‍, ഒറ്റൂര്‍, ഇലകമണ്‍ പഞ്ചായത്തുകളിലെ നവദമ്പതികള്‍, വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കുന്നവര്‍, വിവാഹപ്രായമായവര്‍ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.

വനിത കമ്മിഷന്‍ അദാലത്ത് ഓഗസ്റ്റ് 18ന് കൊല്ലത്ത്
കേരള വനിത കമ്മിഷന്‍ അദാലത്ത് ഓഗസ്റ്റ് 18ന് രാവിലെ 10 മുതല്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസ് ഹാളില്‍ നടക്കും.

വനിത കമ്മിഷന്‍ മെഗാ അദാലത്ത് ഓഗസ്റ്റ് 21ന് ഇടുക്കിയില്‍
കേരള വനിത കമ്മിഷന്‍ മെഗാ അദാലത്ത് ഓഗസ്റ്റ് 21ന് രാവിലെ 10 മുതല്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വനിത കമ്മിഷന്‍ മെഗാ അദാലത്ത് ഓഗസ്റ്റ് 22ന് കണ്ണൂരില്‍

കേരള വനിത കമ്മിഷന്‍ മെഗാ അദാലത്ത് ഓഗസ്റ്റ് 22ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.  

error: Content is protected !!