കാര്‍ഷിക ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കാന്‍ അവസരമൊരുക്കും; മന്ത്രി ജി.ആര്‍ അനില്‍

ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലവര്‍ധനവ് പിടിച്ച് നിര്‍ത്തുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

നെടുമങ്ങാട് നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കല്ലുവരമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.രവീന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!