വിശപ്പ് രഹിത കേരളം ലക്ഷ്യം; മന്ത്രി ജി ആർ അനിൽ

2025 ഓടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഉപഭോക്തൃ സംസ്ഥാനം ആയിരുന്നിട്ട് കൂടി ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം മുന്നിലെത്തിയത് ഈ പ്രവർത്തന ഫലമായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ കരകുളം കാർണിവൽ 2023 മേളയിലെ ‘ഭക്ഷ്യ സുരക്ഷയും കേരളവും‘ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ പൂർണ്ണ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ. കൃഷിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആനുകൂല്യങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജനം തയ്യാറാവണം. തരിശു രഹിത ഭൂമി എന്ന വിപ്ലവകരമായ പ്രവർത്തനം സംസ്ഥാനമൊട്ടാകെ നടക്കുകയാണ്. കുടുംബശ്രീ പ്രസ്ഥാനങ്ങൾ ഇതിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

കരകുളം പഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!