സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിന് കാർഷിക കോളേജിൽ തുടക്കമായി

കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 വെള്ളായണി കാർഷിക കോളേജിൽ ആരംഭിച്ചു. ജൂൺ അഞ്ച് മുതൽ ഏഴുവരെ നീണ്ടുനിൽക്കുന്ന ‘സുഗന്ധവ്യഞ്ജനങ്ങൾ: സുസ്ഥിരതയ്ക്കായി നൂതനവും ജൈവികവുമായ സാങ്കേതിക വിദ്യകൾ ‘ എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് IAS നിർവഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ ആർ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ.റോയ് സ്റ്റീഫൻ, അസോ : ഡയറക്ടർ ഓഫ് റിസർച്ച് ഡോ.കെ. എൻ. അനിത്, അഗ്രികൾച്ചറൽ അഡ്വൈസറും (GIZ-Gmbh ജർമ്മനി) ഡിപിപിപി പ്രോജക്ട് പാർട്ണറുമായ കുമാരി ഡോ. പ്രദ്ന്യ തൊമ്പരെ, സ്പൈസസ് ബോർഡ് ഗവേഷണ മേധാവി ഡോ. എ. ബി. രമശ്രീ, നാഷണൽ സിന്നമൺ റിസർച്ച് ആൻഡ് ട്രെയിനിങ് സെൻറർ ശ്രീലങ്ക ഡെപ്യൂട്ടി ഡയറക്ടർ ഡോ. അച്ചിനി അനുരാധ, വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസസ് അസോസിയേഷൻ ചെയർപേഴ്സൺ കുമാരി ഹോങ് തി ലിൻ, ഇൻഡോനേഷ്യയിലെ ബക്രീ സർവകലാശാലയിലെ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസർ ഡോ. വഹ്യുദി ഡേവിഡ്, കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ജേക്കബ് ജോൺ, ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാദമി കൗൺസിൽ അംഗം ഡോ. റഫീഖർ എം, കർഷക കോളേജ് അധ്യാപിക ഡോ. ദീപ.എസ്. നായർ എന്നിവർ സംസാരിച്ചു.

ഏഷ്യയിലെ ജൈവ സുഗന്ധവ്യഞ്ജനങ്ങളുടെ സമീപകാല വികസനം എന്ന വിഷയത്തിൽ ഡോ. വാഹ്യുദി ഡേവിസും സുഗന്ധവ്യഞ്ജനങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കൽ – കീടനാശിനി ആശ്രിതത്വം കുറയ്ക്കുന്നതിലെ പുതിയ വഴികൾഎന്ന വിഷയത്തിൽ ഡോ. സന്തോഷ്‌ ഈപ്പനും, ‘സസ്യജ പ്രജനനം നടത്തുന്ന സുഗന്ധവ്യഞ്ജനങ്ങളിലെ വൈറൽ രോഗങ്ങളുടെ നിലവിലെ അവസ്ഥ‘ എന്ന വിഷയത്തിൽ ഡോ. ഈശ്വര ഭട്ടും ‘ഇഞ്ചിയുടെ മൂട് ചീയൽ രോഗം നിയന്ത്രിക്കുന്നതിലെ ജീനോമിക് രീതികൾ ‘എന്ന വിഷയത്തിൽ ഡോ. തോമസ് ജോർജും പ്രഭാഷണങ്ങൾ നടത്തി. സുഗന്ധ വ്യഞ്ജന വിളകളുടെ വിവിധ മേഖലയിലെ ഗവേഷണങ്ങളുടെ അവതരണങ്ങളും നടന്നു. കാർഷിക കോളേജ് വിദ്യാർത്ഥികളുടെ കലാപരിപാടികളോടുകൂടി ആദ്യദിനം സമാപിച്ചു.

error: Content is protected !!