സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഒരു ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയിട്ട് കേരള ഹൗസിൽ വെറുതേ കിടന്ന് ഉറങ്ങുമ്പോൾ കെവി തോമസിന് പലതും തോന്നും. എന്നാൽ അത് കേരളത്തിലെ ജനങ്ങളുടെ മനസിൽ തീ കോരിയിടുന്ന ആലോചനകളാകരുതെന്നും കേന്ദ്രമന്ത്രി പേയാട് പൊതുസമ്മേളനത്തിൽ പറഞ്ഞു.
ഏഴ് കോടിയുടെ അപ്രോച്ച് റോഡ് മര്യാദക്ക് പണിയാൻ പറ്റാത്തവരാണ് ഒന്നരലക്ഷം കോടിയുടെ സിൽവർ ലൈൻ പണിയാൻ പോകുന്നതെന്നും ലക്ഷ്യം സിൽവർലൈനല്ല കമ്മിഷൻ ലൈനെന്നും വി.മുരളീധരൻ പറഞ്ഞു.
പിണറായി വിജയന്‍റെയോ മുഹമ്മദ് റിയാസിന്‍റെയോപേര് പറഞ്ഞാൽ ഒരു വിശ്വാസ്യതയും ജനങ്ങൾക്ക് ഇടയിൽ ലഭിക്കില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ് കെ.വി.തോമസ് ഇ.ശ്രീധരനെ അഭയംപ്രാപിച്ച് പുതിയനീക്കവുമായി വന്നിരിക്കുന്നത്. എന്നാൽ സിൽവർലൈൻ അപ്രായോഗികമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിവേഗ റെയിൽ പദ്ധതിയാണ് വരേണ്ടതെന്നുമാണ് ഇ.ശ്രീധരന്‍റെ നിലപാട്. അത് തന്നെയാണ് ഇന്ത്യൻ റെയിൽവേ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിന് ബിജെപിയും അനുകൂലമാണെന്നും പറഞ്ഞു.
ജനങ്ങൾ മര്യാദക്ക് യാത്ര ചെയ്യാൻ ആദ്യം നല്ല റോഡുകൾ നിർമിക്കണം,മാറനല്ലൂരിൽ മന്ത്രി ഉദ്ഘാടനം ചെയ്ത് അദ്ദേഹത്തിന്റെ ഫ്ലക്സ് അവിടുന്ന് മാറും മുമ്പ് പാലത്തിന്‍റെ അപ്രോച്ച് റോഡ് ഒലിച്ചുപോയി. റോഡ് തുറന്ന് കൊടുത്ത് മന്ത്രി വീട്ടിലെത്തുമ്പോഴേക്കും റോഡ് പൊളിയുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ദേശീയപാത പണിയുന്നിടത്തെല്ലാം ചാനലുകാരെയും കൂട്ടിപ്പോയി എത്തിനോക്കുന്ന പൊതുമരാമത്ത് മന്ത്രി അത് കണ്ടെങ്കിലും റോഡ് ഉണ്ടാക്കുന്നത് പഠിക്കണമെന്നും മന്ത്രി പരിഹസിച്ചു.