‘ഈ അദാലത്തൊക്കെ എത്ര നല്ല കാര്യമണെന്ന് അറിയാമോ? ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് പല ഓഫീസുകള്‍ കയറിയിറങ്ങാതെ വളരെ വേഗത്തില്‍ പരാതി പരിഹരിക്കുന്നതിന് ഇതുപോലുള്ള അദാലത്തുകള്‍ ഇനിയും വരണം. വാക്കുകള്‍ കിട്ടുന്നില്ല, സന്തോഷം മാത്രം.’ വട്ടിയൂര്‍ക്കാവ് കണ്ണന്‍പാറ സ്വദേശി ബിന്ദുവിന്റെ മുഖത്തിപ്പോള്‍ നിറപുഞ്ചിരി. പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന ബിന്ദുവിന് കൈവശാവകാശ രേഖയില്ലാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ചില തടസങ്ങള്‍ നേരിട്ടിരുന്നു. മാധ്യമങ്ങളിലൂടെ കരുതലും കൈത്താങ്ങും അദാലത്തിനെപ്പറ്റിയറിഞ്ഞ ബിന്ദു, അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കുകയായിരുന്നു. രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന ബിന്ദുവിന്റെ വീട്ടില്‍ ഇന്ന് കറണ്ട് കിട്ടും. വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രത്തിന്മേല്‍ തിരുമല ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നത്. വൈദ്യൂതി കണക്ഷനുള്ള ഉത്തരവ് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ബിന്ദുവിനെപ്പോലെ നിരവധി പേരാണ് കരുതലും കൈത്താങ്ങും അദാലത്തിലെത്തി പരാതികള്‍ പരിഹരിക്കപ്പെട്ട് സന്തോഷത്തോടെ മടങ്ങിയത്.
പൈപ്പ് ലൈനില്‍ സംഭവിച്ച വാട്ടര്‍ ലീക്കേജ് കാരണം ജലനഷ്ടം ഉണ്ടായതിന് 6540 രൂപ വാട്ടര്‍ അതോറിറ്റി ബില്ല് ലഭിച്ച പി.റ്റി.പി നഗര്‍ സ്വദേശി സോമന്‍ നായര്‍ ഏറെ ആശങ്കകളോടെയാണ് അദാലത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റേതല്ലാത്ത കാരണത്താല്‍ ഉണ്ടായ ജലനഷ്ടത്തിന് സോമന്‍ നായര്‍ ഇനി പിഴയൊടുക്കേണ്ടി വരില്ല. പിഴ ഒഴിവാക്കിയ ഉത്തരവ് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കൈമാറി. സമാനമായ പരാതിയുമായി എത്തിയ ഇടഗ്രാമം ശിവഭവനില്‍ എസ്. ദിവാകരന്റെ ആവശ്യവും പരിഹരിച്ചു.