പട്ടം എസ് യു ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി സമാരംഭിച്ചത്. എസ് യു ടി ഈ പദ്ധതി ഏറ്റെടുത്ത് പരിപാടിക്ക് ‘സുഗതനക്ഷത്ര ഉദ്യാനം’ എന്ന് നാമകരണം ചെയ്യുകയാണുണ്ടായത്.

മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി. കെ. എ. നായര്‍ സുഗതകുമാരിയുടെ ജന്മനക്ഷത്ര വൃക്ഷമായ ‘കാഞ്ഞിരത്തൈ’ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. കുമ്മനം രാജശേഖരന്‍ (മുന്‍ മിസോറാം ഗവര്‍ണര്‍), ഡോ.ലക്ഷ്മി (സുഗതകുമാരി ടീച്ചറുടെ മകള്‍), ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ (പ്രശസ്ത സാഹിത്യകാരന്‍), ജി. ശങ്കര്‍ (ആര്‍ക്കിടെക്ട്), രഞ്ജിത്ത് കാര്‍ത്തികേയന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ചീഫ് ലയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പുതുതലമുറയില്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ‘അമ്മു’ എന്ന ഹ്രസ്വചിത്രം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് ശ്രീ. കുമ്മനം രാജശേഖരന്‍ പറയുകയുണ്ടായി. സുഗതകുമാരി നവതി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ‘സുഗത വനങ്ങള്‍’ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതിയുടെ സമാരംഭമാണ് ഇന്നത്തെ പരിപാടിയിലൂടെ എസ് യു ടി യില്‍ നടന്നത്.

error: Content is protected !!