പ്ലാറ്റിനം ജൂബിലി നിറവിൽ  വെള്ളായണി കാർഷിക കോളേജ്

കേരളത്തിലെ കാർഷിക വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് വെള്ളായണി കാർഷിക കോളേജ്. പഴയ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ കാർഷിക മേഖലയെ കേന്ദ്രീകരിച്ചുള്ള ഗ്രാമീണ വികസനത്തിന് വേണ്ട പരിശീലനം സിദ്ധിച്ച ബിരുദധാരികളുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് 1955 ൻ്റെ തുടക്കത്തിൽ കോളേജ് സ്ഥാപിതമായത്. വെള്ളായണി കായൽ തീരത്ത് സ്ഥിതിചെയ്യുന്ന പൈതൃക മൂല്യമുള്ള രാജകൊട്ടാരത്തിലാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. 1924-31 കാലഘട്ടങ്ങളിൽ പഴയ തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് മഹാറാണി സേതുലക്ഷ്മി ഭായി തമ്പുരാട്ടിയുടെ വേനൽക്കാല വസതികളിൽ ഒന്നായിരുന്നു ഈ കൊട്ടാരം. മഹാറാണിയുടെ രണ്ട് പെൺമക്കളായ ലളിത ഇന്ദിര എന്നിവരുടെ പേരുകളുമായും തടാകം എന്ന അർത്ഥം വരുന്ന സ്കോട്ടിഷ് പദമായ ലോക്ക് (Lake) മായും ബന്ധപ്പെടുത്തി  ലാലിന്ദ് ലോക്ക് പാലസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു വാസ്തുവിദ്യാ അത്ഭുതമായ ഈ കൊട്ടാരം,  മഹത്തായ ഭൂതകാലത്തിന്റെ പൈതൃകം ഉയർത്തിക്കാട്ടുന്ന മനോഹര സ്മാരകവുമാണ്.

1955ൽ ആരംഭിച്ച കാർഷിക കോളേജ് 1972 ഫെബ്രുവരിയിലാണ് കേരള കാർഷിക സർവകലാശാലയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. കൃഷിയിലും അനുബന്ധ ശാസ്ത്രങ്ങളിലുമുള്ള വൈവിധ്യമാർന്ന തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിപുലമായ അക്കാദമിക് പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. 24 പ്രത്യേക വിഭാഗങ്ങളിലൂടെയാണ് അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. വിവിധ ഡിപ്പാർട്ട്മെന്റ്കളിലായി നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കായി ബയോടെക്നോളജി ലാബുകൾ, ടിഷ്യു കൾച്ചർ ലാബ്, ബയോ കൺട്രോൾ, ഹോർട്ടികൾച്ചറൽ തെറാപ്പി ഗാർഡൻ, മണ്ണ് സസ്യപരിശോധന ലാബ് എന്നിവയും ഇവിടെയുണ്ട്. BSc ഹോണേർസ് അഗ്രികൾച്ചർ, MSc ഹോണേർസ് അഗ്രികൾച്ചർ, PhD അഗ്രികൾച്ചർ എന്നീ കോഴ്സുകളെ കൂടാതെ ബിടെക് ബയോ ടെക്നോളജി, ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രികൾച്ചർ എന്നീ രണ്ട് കോഴ്സുകളും നിലവിൽ ഇവിടെ ഉണ്ട്.

കാർഷിക വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിക്കൊണ്ട് കേരളത്തിൻറെ തലസ്ഥാന നഗരിയിൽ രാജകീയ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന വെള്ളായണി കാർഷിക കോളേജ്   ഇന്ന് 70 വർഷം പിന്നിട്ട് പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. ഇതിൻറെ ഭാഗമായി  2025 മെയ് 21 മുതൽ 28 വരെ പിംഗ് പോങ് ക്ലബ്‌ ഉദ്ഘാടനം, പൂർവ്വ വിദ്യാർത്ഥി സംഗമം, അന്താരാഷ്ട്ര കാർഷിക സെമിനാർ, ഇൻഡസ്ട്രി അക്കാദമിയ മീറ്റ്, കാർഷിക സാങ്കേതികവിദ്യ പ്രദർശനവും ശില്പശാലയും, കാർഷിക ശാസ്ത്ര പ്രദർശന വിപണനമേള, കാർഷിക സെമിനാറുകൾ, ഭക്ഷ്യമേള, കലാസന്ധ്യ എന്നിങ്ങനെ എട്ടു ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ  സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

വെള്ളായണി കാർഷിക കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ 2025 മെയ് 21 ന് *കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ്,* രണ്ടുദിവസമായി നടത്തുന്ന അന്താരാഷ്ട്ര കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വെള്ളായണി കാർഷിക കോളേജ്, സംസ്ഥാന ഹോർട്ടികള്‍ച്ചർ മിഷൻ‍, അച്യുതമേനോൻ ഫൗണ്ടേഷൻ‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  മെയ് 21, 22 തീയതികളിൽ  “സുസ്ഥിര നഗര കൃഷിക്കുള്ള നൂതന നയങ്ങളും സാമൂഹിക സമീപനങ്ങളും “എന്ന വിഷയത്തിൽ  അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സർവ്വകലാശാലകളിലെ ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന സെമിനാറിൽ *നോർവീജിയൻ‍ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസ് പ്രൊഫസർ ട്രൈൻ‍ ഹോഫ് ഈഡെ* മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. സുസ്ഥിര നഗരകൃഷി പ്രോത്സാഹനവും, ഇതിനോടനുബന്ധിച്ച സാങ്കേതിക വിദ്യകളുടെ വിഷയാവതരണവും, അതിന്‍മേലുള്ള ചർച്ചകളുമാണ് സെമിനാർ ലക്ഷ്യം വയ്ക്കുന്നത്.

മെയ് 26 മുതൽ 28 വരെ നടക്കുന്ന കാർഷിക ശാസ്ത്ര പ്രദർശന മേളയുടെ ഉദ്ഘാടനം മെയ് 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു: കോവളം എംഎൽഎ ശ്രീ എം വിൻസൻറ് നിർവഹിക്കുന്നു. കാർഷിക സമൂഹത്തിനോടൊപ്പം നിൽക്കുന്ന വെള്ളായണി കാർഷിക കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളിൽ പങ്കെടുത്തത് വിജയിപ്പിക്കുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

error: Content is protected !!