വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മില്ലറ്റ് ദിനാചരണവും വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും കാർഷിക കോളേജിലെ വിളപരിപാലനവിഭാഗവും സംയുക്തമായാണ് മില്ലറ്റ് ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ മില്ലറ്റ് പരിശീലനവും പാചക മത്സരവും നടത്തിയത്. ദക്ഷിണ മേഖല പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള അധ്യക്ഷയായ ചടങ്ങിൽ മില്ലറ്റ് വിളവെടുപ്പ് നടത്തിക്കൊണ്ട് കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ മില്ലറ്റ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഷിക കോളേജ് അധ്യാപകരായ ഡോ. സുമ ദിവാകർ, ഡോ. ബീന ആർ, ഡോ. അമീന എം, ഡോ. സുഷ വിഎസ്, ഡോ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള ഹൈടെക് അംഗൻവാടി അധ്യാപികയായ ജന്നറ്റ് മില്ലറ്റ് കൃഷിയെ കുറിച്ചും പോഷക പ്രദമായ മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും അനുഭവം പങ്കുവെച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് മില്ലറ്റ് വിത്തുകൾ വിതരണം ചെയ്തു. കൂടാതെ കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി കാർഷിക പ്രദർശനവും മില്ലറ്റ് മ്യൂസിയവും സന്ദർശിക്കുവാനുള്ള അവസരവും ലഭിച്ചു. പാചക മത്സരത്തിൽ സമ്മാനാർഹരായ ലിജി വിജു, മഞ്ജു വിജി, ഐശ്വര്യ എന്നിവർക്ക് ഡോ. ശാലിനി പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിന്റെ നേതൃത്വത്തിലാണ് വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും സംഘടിപ്പിച്ചത്. വാഴക്കൃഷിയെ പറ്റിയും വാഴയുടെ ജനിതക സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിനോടനുബന്ധിച്ച് ഫീൽഡ് സന്ദർശനവും നടീൽ വസ്തുക്കളുടെ വിതരണവും നടന്നു. പരിശീലന പരിപാടികൾ കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
