പ്ലാറ്റിനം ജൂബിലി-കാർഷിക കോളേജിൽ ലോക പോഷകാഹാര ദിനാചരണവും പരിശീലന പരിപാടിയും നടത്തി

വെള്ളായണി കാർഷിക കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി സയൻസ് വിഭാഗം, ലോക പോഷകാഹാര ദിനാചരണവും “സാമൂഹ്യ ശാക്തീകരണത്തിനായുള്ള പോഷക അരി സമ്പുഷ്ടീകരണ മാർഗ്ഗങ്ങൾ” എന്ന വിഷയത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിലെ സീനിയർ പ്രോഗ്രാം ഓഫീസർ റാഫി പി. മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കമ്മ്യൂണിറ്റി സയൻസ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ബീലാ ജി.കെ. സ്വാഗതവും കമ്മ്യൂണിറ്റി സയൻസ് വിഭാഗം പ്രൊഫസർ ഡോ. സുമ ദിവാകർ നന്ദിയും പറഞ്ഞു.

ലോക പോഷകാഹാര ദിനാഘോഷങ്ങളുടെ ഭാഗമായി നേരത്തെ സംഘടിപ്പിച്ച “ന്യൂട്രിക്വിസ്” മത്സരത്തിലെ വിജയികൾക്ക് ഡോ. റോയ് സ്റ്റീഫനും റാഫി പി.യും ചേർന്ന് സമ്മാന വിതരണം നടത്തി. കീടശാസ്ത്ര വിഭാഗം പി.ജി. വിദ്യാർത്ഥിനി അക്ഷയ ഒന്നാം സമ്മാനം നേടി. ബി.എസ്.സി. അഗ്രികൾച്ചർ ഒന്നാം വർഷ വിദ്യാർത്ഥിനികളായ ആർദ്ര എസ്, ദേവിക പി എന്നിവർ രണ്ടാം സമ്മാനം പങ്കിട്ടു. തുടർന്ന്, പോഷക സമ്പുഷ്ടീകരണം നടത്തിയ അരിയിലൂടെ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള കർമ്മപദ്ധതി രൂപപ്പെടുത്തുന്നതിനായി ഒരു ഗ്രൂപ്പ് ചർച്ചയും നടന്നു.


കാർഷിക സെമിനാറുകൾ, ജൂബിലി മീറ്റ്, പരിശീലന പരിപാടികൾ, കാർഷിക ശാസ്ത്ര പ്രദർശനം, ക്വിസ് മത്സരങ്ങൾ, കലാസന്ധ്യ എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ എട്ടു ദിവസം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആദ്യഘട്ടം ഇതോടുകൂടി പൂർത്തിയായി.

error: Content is protected !!