Ananthapuri Online News

Anantham Athivegam Ananthapuri Varthakal

തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ.പി ജയരാജന്‍ അക്രമിച്ചുവെന്നത്‌ കള്ളക്കഥ

വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ പേരില്‍ കേസ്‌ എടുക്കാനുള്ള യു.ഡി.എഫ്‌ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ.പി ജയരാജന്‍ അക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയത്‌. ഇ.പി ജയരാജന്‍ അക്രമ ശ്രമം തടഞ്ഞില്ലായിരുന്നുവെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി അക്രമിക്കപ്പെടുമായിരുന്നു. ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസുകാരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്‌ എടുക്കാന്‍ മാത്രം യു.ഡി.എഫ്‌ അനുകൂല പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുണ്ടായി. തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. സമാന രീതിയിലാണ്‌ ഇ.പി. ജയരാജന്റെ പേരില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.

എതിര്‍ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുടെ മേല്‍ രാഷ്‌ട്രീയ പ്രേരിതമായി കേസ്‌ എടുക്കുന്ന ബി.ജെ.പിയുടെ പാതയിലാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരും മുന്നോട്ടുപോകുന്നത്‌. ഇത്തരം നിയമവിരുദ്ധമായ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!