2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ; ഭരണ-വികസന മേഖലകളിൽ വിവിധ ചുമതലകൾ വഹിച്ച അനുഭവസമ്പത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടറായി അഞ്ജു കെ എസ് ഐഎഎസ് ചുമതലയേറ്റു. സംസ്ഥാന സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസത്തിന്റെ ഭാഗമായാണ് അഞ്ജു കെ എസിനെ തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിച്ചത്. നേരത്തെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
തിരുവനന്തപുരം ജില്ലാ കലക്ടറുടെ ചുമതലയ്ക്ക് പുറമെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ വിഷയങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ചുമതലയും അഞ്ജു കെ എസിന് നൽകിയിട്ടുണ്ട്.
അഞ്ജു കെ എസ് ആരാണ്?
2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ എസ്. എൻജിനീയറിങ് ബിരുദധാരിയായ അഞ്ജു കെ എസ് ഭരണ-വികസന മേഖലകളിൽ വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. സബ് കളക്ടർ, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, കൃഷി-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KSBCDC) മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും അഞ്ജു കെ എസ് പ്രവർത്തിച്ചിട്ടുണ്ട്. 2026 ജൂലൈയിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റത്.
തിരുവനന്തപുരം ജില്ലാ ഭരണത്തിന്റെ ചുമതല ഏറ്റെടുക്കുന്ന അഞ്ജു കെ എസിന് ജില്ലയുടെ വികസന പ്രവർത്തനങ്ങൾ, വിവിധ സർക്കാർ പദ്ധതികളുടെ ഏകോപനം, ജനങ്ങളുടെ പരാതികൾ പരിഹരിക്കൽ തുടങ്ങിയതിനൊപ്പം വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ വിഷയങ്ങളിലും പ്രധാന ഉത്തരവാദിത്വമുണ്ടാകും.

