സേവന മേഖലയില്‍ ഇരുപതുവര്‍ഷം പൂര്‍ത്തീകരിച്ച അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് നിലനില്പിനുള്ള പോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ തണലില്‍ വളര്‍ന്ന് വടവൃക്ഷമാകേണ്ട പ്രോജക്റ്റ് ഇന്ന് നിരന്തരമായ അവഗണനയുടെ ഫലമായി മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയിരിക്കുന്നു.
ഇരുപതുവര്‍ഷം എന്നത് നടത്തിപ്പുകാരായ അക്ഷയ സംരംഭകരുടെ ജീവിതത്തിലെ പ്രധാന വര്‍ഷങ്ങളാണ്. അതിനു യാതൊരു മൂല്യവുമില്ലാത്ത അവസ്ഥയിലേക്ക് ഈ സംരംഭം നശിക്കുന്നു എന്നത് ഒരുവര്‍ഷം ഒരുലക്ഷം സംരംഭം എന്ന് മേനി നടിക്കുന്ന സര്‍ക്കാരിനു ഭൂഷണമാണോ? നിലനല്‍ക്കുന്ന സംരംഭങ്ങളെ പോഷിപ്പിക്കാതെ പുതിയവയ്ക്ക് വളമാക്കി ഇട്ടുകൊടുക്കുന്ന സര്‍ക്കാര്‍ നിലപാട് അക്ഷയ കേന്ദ്രങ്ങളെയും നാശത്തിന്റെ വക്കിലേക്ക് എത്തിച്ചുകഴിഞ്ഞു.
കുടിവെള്ളത്തിനുവരെ പലമടങ്ങ് വിലവര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി പുതുക്കാത്തത് എന്തുകൊണ്ടാണ്? ശബളമോ, കെട്ടിട വാടകയോ, വൈദ്യുതി നിരക്കിലുള്ള ആനുകൂല്യമോ ഒന്നും കഴിഞ്ഞ ഇരുപതുവര്‍ഷമായി തന്നിട്ടില്ലാത്ത സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ കാലഹരണപ്പെട്ട സേവനനിരക്ക് പ്രദര്‍ശിപ്പിച്ച് അക്ഷയക്കാരെ തട്ടിപ്പുകാരായും കൊള്ളക്കാരായും ചിത്രീകരിക്കുന്നത് വിരോധാഭാസമല്ലേ.
2018 ല്‍ അക്ഷയക്ക് ലോഗിന്‍ ഇല്ലാത്ത സേവനങ്ങളവരെ ചാര്‍ട്ടില്‍ രേഖപ്പെടുത്തി ഏകപക്ഷീയമായ നിരക്കുകള്‍ നിശ്ചയിച്ച് അക്ഷയയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തി. കേരള ഐടി മിഷന് നിരവധി തവണ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് സംഘടനകളെ ക്ഷണിക്കുകയും തലേന്ന് യോഗം മാറ്റിവെയ്ക്കുകയും ചെയ്യുന്നത് അക്ഷയ നശിച്ചുകാണണമെന്ന് വാശിയുള്ള ശക്തികള്‍ സര്‍ക്കാരില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതിനുള്ള തെളിവാണ്.
കേരളത്തില്‍ നന്നായി നടക്കുന്ന സംരംഭങ്ങള്‍ ഏതെന്നു കണ്ടെത്തി അതേ മാതൃകയിലോ അത്തരം സ്ഥാപനങ്ങളോ കുടുംബശ്രീയെ ഏല്‍പ്പിക്കുകയും കാലാന്തരത്തില്‍ ഇവ നശിച്ചുപോകുന്നതും നമ്മള് കണ്ടിട്ടുള്ളതാണ്. അക്ഷയയെ മാതൃകയാക്കി പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ചെല്ലും ചിലവും കൊടുത്തു കുടുംബശ്രീയെ ഹെല്‍പ്പ് ഡെസ്ക്ക് ചുമതല നല്‍കുക വഴി നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കാനായി എന്ന് സര്‍ക്കാരിന് അവകാശപ്പെടാമെങ്കിലും ആത്യന്തികമായി അത് അക്ഷയയുടെ നാശവും അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയും ജീവിതം ഇരുളില്‍ തള്ളിയിടുകയുമാണ് ചെയ്യുന്നത്. പുതുയതായി തുടങ്ങിയിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളും ചെയ്യുന്നത് ഇതു തന്നെയാണ്.
കളമശേരി മെഡിക്കല്‍ കോളെജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വന്‍ വിവാദമായിരിക്കുകയാണല്ലോ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വ്യാജ റവന്യൂ സര്‍ട്ടിഫിക്കറ്റുകളും രെജിസ്ട്രേഷന് ഡിപ്പാര്‍ട്ടുമെന്റിന്റെ സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തിയട്ടുണ്ട്. നിരവധി കേസുകള്‍ക്ക് FIR ഉും ഇട്ടിട്ടുണ്ട്. എന്നാൽ യാതൊരു നടപടികളുമെടുക്കാതെ ഇരു വകുപ്പുകളും ഈ കേസകള്‍ മൂടി വെച്ചിരിക്കുകയാണ്. ഇപ്പോള്‍, കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നു. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ചിരിക്കുന്നത് സ്വകാര്യ ജനസേവനകേന്ദ്രങ്ങള്‍ എന്ന വ്യാജ കേന്ദ്രങ്ങള്‍ ആണെന്ന് പോലീസിനും സര്‍ക്കാരിനും ബോധ്യമായിട്ടുള്ളതാണ്. ജനങ്ങളുടെ വിലയേറിയ രേഖകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളെ നിരോധിക്കണമെന്ന് അക്ഷയ കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി മുറവിളി കൂട്ടിയട്ടുള്ളതാണ്. നിരവധി പരാതികള്‍ ഇവയ്ക്ക് എതിരെ കിട്ടിയിട്ടും യാതൊരു നടപടികളും സര്‍ക്കാര്‍ എടുത്തിട്ടില്ല. ഒരു അക്ഷയ കേന്ദ്രത്തിനു ചുറ്റും അഞ്ചും ആറും വ്യാജ കേന്ദ്രങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വരുന്നത് അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നുണ്ട്.
അക്ഷയകേന്ദ്രങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഏതാനും ചിലതുമാത്രമാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടിനെതിരെ അക്ഷയ സംരംഭകര്‍ സമരരംഗത്ത് ഇറങ്ങുകയാണ്. അതിന്റെ ആദ്യപടിയായി ഫെബ്രുവരി 24ന് എല്ലാ അക്ഷയ കേന്ദ്രങ്ങളും കരിദിനം ആചരിക്കുന്നു.