സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കരിദിനമായി ആചരിക്കും: കെ.സുധാകരന്‍ എംപി

കണ്ണൂര്‍: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഒരു കാരണവശാലും സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധ്യമല്ലെന്നും കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ അവഹേളനവും നടത്തിയില്ലെന്ന് സിപിഎമ്മിന് ബോധ്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിന് ഉത്തരം സിപിഎം പറയണം. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം അവര്‍ നേരിടുന്ന ജീര്‍ണ്ണതയുടെയും മൂല്യച്യുതിയുടെയും നേര്‍ചിത്രമാണ്. ഭരണഘടനാ മൂല്യങ്ങളെയും അതിന്റെ അന്തഃസത്തയെയും സിപിഎം വെല്ലുവിളിക്കുന്നു. സജിചെറിയാനെതിരായ തെളിവുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്. അത് പരിശോധിക്കാനും മൊഴിയെടുക്കാനും ശ്രമിക്കാതെ അദ്ദേഹത്തിനെതിരെ തെളിവില്ലെന്ന വിചിത്ര നിലപാടാണ് പിണറായി വിജയന്റെ പോലീസ് സ്വീകരിച്ചത്. ആരോപണ വിധേയരായ സിപിഎം നേതാക്കളെ ഏതുവിധേനെയും രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് ഇപ്പോള്‍ കേരള പോലീസിന്റെ പ്രധാനപണിയെന്നും സുധാകരന്‍ പരിഹസിച്ചു.

ഇന്ത്യന്‍ ഭരണഘടനയോട് സിപിഎമ്മിന് എക്കാലവും പുച്ഛമാണ്. ആര്‍എസ്എസിനെപ്പോലെ ഭരണഘടന വിരുദ്ധ സിപിഎമ്മിന്റെ ശൈലിയാണ്.ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച വ്യക്തിയെ വീണ്ടും മന്ത്രിയാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും ഭരണഘടനാ സംരക്ഷണദിനം ആചരിക്കാന്‍ എന്തവകാശമാണുള്ളത്.ലഹരി,ഗുണ്ടാ മാഫിയ ഉള്‍പ്പെടെ എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സിപിഎമ്മിന്റെ സാന്നിധ്യമുണ്ട്. അധികാരം നിലനിര്‍ത്താന്‍ എന്തു വൃത്തിക്കെട്ട സമീപനവും സിപിഎം സ്വീകരിക്കും. അതിന് തെളിവാണ് ഇപി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് വെച്ചതും സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരുച്ചുവരവെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും മുന്‍മന്ത്രിമാര്‍ക്കും എതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎമ്മിന് ധൈര്യമില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. ഭരണ രംഗത്ത് ഒരു തരത്തിലും നീതിപൂര്‍വ്വമായ നപടിയുമില്ല. അഴിമതിയും രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങളുള്ള നടപടികളാണ് ഉണ്ടാകുന്നത്. നിയമാനുസൃതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളെ തകര്‍ത്ത് അരാജകത്വത്തിലേക്കാണ് സിപിഎം ഭരണം നാടിനെ നയിക്കുന്നത്. ഇത് ജനം വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം അന്വേഷിക്കാത്തതില്‍ സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. സിപിഎമ്മില്‍ കാതലായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. മുതിര്‍ന്ന നേതാവിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് ഉന്നയിച്ച ആരോപണം വേണ്ടയെന്ന് വയ്ക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് സിപിഎമ്മില്‍ നടക്കുന്നത്. ഉളുപ്പും നാണവുമില്ലാത്ത നേതൃത്വമാണ് സിപിഎമ്മിനെ ഭരിക്കുന്നത്. യുഡിഎഫും കോണ്‍ഗ്രസും ശക്തമായ സമരമുഖത്താണ്. നീതിയും ധാര്‍മികതയും തൊട്ടുതീണ്ടാത്ത സിപിഎം അഴിമതിക്കാരെ തുടര്‍ന്നും സംരക്ഷിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

error: Content is protected !!