തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഡീസൽ ചെലവിനും ജീവനക്കാർക്ക് മാന്യമായ വേതനം നൽകുന്നതിനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ പ്രധാന പരാതി.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിനും പത്മകുമാർ ഐ.പി.എസ്. അധ്യക്ഷനായ വിദഗ്ധസമിതിക്കും മുന്നിൽ മൂന്ന് പാക്കേജുകൾ സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അനുകൂലമായ നടപടിയുണ്ടായിട്ടില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
റൂട്ട് പെർമിറ്റുള്ള സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധസമിതിയുടെ ശുപാർശയിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഒക്ടോബർ 14ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിനും ധർണയ്ക്കും ശേഷവും ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഒക്ടോബർ അവസാനവാരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
അതിനു ശേഷവും സർക്കാർ നടപടിയുണ്ടാകാത്ത പക്ഷം നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ച് ബസ് പണിമുടക്ക് നടത്തുമെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

