തിരുവനന്തപുരം; മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറിന്റെ അടിവയറ്റിൽ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം.
സംഭവത്തിൽ പ്രതിഷേധിച്ച് പി.ജി അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.
സംഭവത്തിൽ ഐഎംഎ തിരുവനന്തപുരം ഘടകവും ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്ത് ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാൻ സർക്കാർ എത്രയും വേഗം മുൻകൈയെടുക്കണമെന്ന് ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ, നാഷണൽ കൗൺസിൽ അംഗം ഡോ. ആർ.സി ശ്രീകുമാർ, സ്റ്റേറ്റ് ജോ. സെക്രട്ടറി ഡോ. സി.വി പ്രശാന്ത് തുടങ്ങിയവർ ആവശ്യപ്പെട്ടു.
ആശുപത്രി ആക്രമങ്ങൾ തുടർന്നാൽ അത് ഡോക്ടർമാരുടെ മനോവീര്യത്തെ തകർക്കുകയും, അത് സാധാരണക്കാരുടെ ചികിത്സയെ ബാധിക്കുകയും ചെയ്യും. ആക്രമകാരികളെ മുൻകൂർ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം തന്നെ കേസ് എടുത്ത് ആശുപത്രി സംരക്ഷണ നിയമം ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. വനിത ഡോക്ടറെ അക്രമിച്ച സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ അറിയിച്ചു