ഇടുക്കി മെഡിക്കല്‍ കോളേജില്‍ 104 വയസുകാരിയ്ക്ക് തിമിര ശസ്ത്രക്രിയ വിജയം

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. ഈ പ്രായത്തില്‍ അപൂര്‍വമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണില്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെന്‍സ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ദേവകിയമ്മയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ തിമിര ശസ്ത്രക്രിയ നടത്തിയ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

രണ്ട് കണ്ണിനും കാഴ്ച കുറവുമായാണ് ദേവകിയമ്മ അടുത്തിടെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിയത്. പരിശോധനയില്‍ ഇടത് കണ്ണിന് തീവ്രമായി തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായം കൂടുതലായതിനാല്‍ തിമിര ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിച്ചു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഞായറാഴ്ച ദേവകിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായം പരിഗണിഗണിച്ച് എല്ലാവിധ മുന്‍കരുതലുകളുമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.

ഇടുക്കി മെഡിക്കല്‍ കോളേജിന് അടുത്തിടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ആഴ്ചയില്‍ ശരാശരി 15 തിമിര ശസ്ത്രക്രിയകളോളം നടത്തി വരുന്നു.

ഒഫ്ത്താല്‍മോളജി വിഭാഗം മേധാവി ഡോ. വി. സുധ, അസി. പ്രൊഫസര്‍ ഡോ. ശബരീഷ്, സ്റ്റാഫ് നഴ്‌സ് രമ്യ എന്നിവരാണ് സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത്.

error: Content is protected !!