തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സണും ദേശീയ ക്ഷയരോഗ നിർമാർജ്ജന പ്രോഗ്രാമിന്റെ പ്രിൻസിപ്പൽ അഡ്വൈസറുമാണ് ഡോ. സൗമ്യ സ്വാമിനാഥൻ.
സ്വന്തം കർമ്മമണ്ഡലങ്ങളിൽ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്ത പ്രമുഖരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകിവരുന്നത്.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം. എസ്. സ്വാമിനാഥന്റെയും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ മീന സ്വാമിനാഥന്റെയും മകളായി 1959 മേയ് 2-ന് ചെന്നൈയിലാണ് ഡോ. സൗമ്യ സ്വാമിനാഥൻ ജനിച്ചത്. പൂനെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും ന്യൂഡൽഹി എയിംസിൽ നിന്ന് പീഡിയാട്രിക്സിൽ എം.ഡിയും കരസ്ഥമാക്കി ലൊസാഞ്ചലസിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്.
ലണ്ടനിലെ പ്രശസ്തമായ ‘ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി’ (FRS) അംഗീകാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള വ്യക്തിത്വമാണ് ഡോ. സൗമ്യ സ്വാമിനാഥൻ.
ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ ചീഫ് സയന്റിസ്റ്റായി സേവനമനുഷ്ഠിച്ച സൗമ്യ സ്വാമിനാഥൻ കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആഗോളതലത്തിൽ വാക്സിൻ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി ശ്രദ്ധേയയായിരുന്നു.
പൊതുജനാരോഗ്യ രംഗത്തും ക്ഷയരോഗം (TB), എച്ച്.ഐ.വി. (HIV) എന്നിവയുടെ ഗവേഷണങ്ങളിലും അന്താരാഷ്ട്ര തലത്തിൽ നിർണ്ണായക സംഭാവനകൾ നൽകിയ അവർ, മുൻപ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറലായും ഭാരത സർക്കാരിന്റെ ഹെൽത്ത് റിസർച്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

