സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചവർക്ക് സാക്ഷരതാ മിഷൻ മുഖേന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്സ് പഠിക്കുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിപ്രകാരം അപേക്ഷ ക്ഷണിച്ചു.
പരമാവധി 473 പഠിതാക്കൾക്കാണ് ആനുകൂല്യം. 2026- 27 സാമ്പത്തിക വർഷത്തിലെ ഒന്നാം വർഷത്തെ രണ്ട് സെമസ്റ്ററുകളുടെ കോഴ്സ് ഫീസും രജിസ് ട്രേഷൻ ഫീസും ഉൾപ്പെടെ ഒരു പഠിതാവിന് 7,390 രൂപ വീതം ജില്ലാ പഞ്ചായത്ത് വഹിക്കും. പരീക്ഷാ ഫീസ് പരീക്ഷ സമയത്ത് പഠിതാക്കൾ നേരിട്ട് സർവകലാശാലയിൽ അടയ്ക്കേണ്ടതാണ്.
ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം എന്നീ ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം. ജില്ലയിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രങ്ങളിലായിരിക്കും സമ്പർക്ക പഠന ക്ലാസുകൾ നടക്കുക. കൂടാതെ, ഓൺലൈൻ ക്ലാസുകളും ഉണ്ടാകും.പദ്ധതിപ്രകാരം അപേക്ഷിക്കുന്നവർ കോഴ്സുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 3ന് രാവിലെ 11ന് ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടക്കുന്ന ഏകദിന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 ജൂലൈ സെഷനിൽ സാക്ഷരതാ മിഷൻ മുഖേന രജിസ്റ്റർ ചെയ്യാം. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവരും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ പഠിതാക്കൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
നിർദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. ജൂലൈ 31വരെ അപേക്ഷകൾ സ്വീകരിക്കും.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട പഠിതാക്കൾക്ക് ഇ-ഗ്രാന്റ്സ് ഫീസ് ആനുകൂല്യം ലഭിക്കുന്നതിനാൽ അവർ ഈ പദ്ധതിപ്രകാരം അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിലെ പ്രേരക്മാരുമായോ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ ബന്ധപ്പെടണം.
ഫോൺ: 9495408198, 8075368795, 9048874849.

