November 28, 2026Ananthapuri Online News · Kerala, India
അനന്തം അതിവേഗം അനന്തപുരി വാർത്തകൾ
KERALA · NEWS · TRIVANDRUM  |  November 28, 2026

ഗതാഗത നിയമങ്ങൾ പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ബാലാവകാശ കമ്മിഷൻ

Ananthapuri Online News

തിരുവനന്തപുരം: ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തുന്നതിനായി പ്രൈമറി തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.

തിരുവനന്തപുരം വനിതാ ശിശു വികസന വകുപ്പ് പരിശീലന ഹാളിൽ നടന്ന ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്സോ നിയമം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കർത്തവ്യവാഹകരുടെ ജില്ലാതല യോഗത്തിലാണ് കമ്മിഷൻ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

ചിൽഡ്രൻസ് ഹോമുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

എൽ.പി. സ്കൂൾ തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള അധ്യാപകർക്ക് പോക്സോ നിയമത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കും നിർദ്ദേശം നൽകി.

സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ടി.സി. ജലജ മോൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കവിതാ റാണി രഞ്ജിത്ത് എന്നിവരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!