തിരുവനന്തപുരം: സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കുട്ടികളുടെ ആഗ്രഹപ്രകാരം അവർക്കൊപ്പം സിനിമ കാണാനെത്തിയ കളക്ടർ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവം.
നവംബർ 24ന് കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചപ്പോഴാണ് വിദ്യാർത്ഥികൾ കളക്ടറോട് സിനിമ കാണാനുള്ള ആഗ്രഹം അറിയിച്ചത്. കുട്ടികളുടെ ആഗ്രഹം സാധിച്ചുനൽകാമെന്ന് ഉറപ്പുനൽകിയാണ് അന്ന് കളക്ടർ മടങ്ങിയത്.
വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി കാട്ടാക്കട ശ്രീ കാളിദാസ് എംപ്ലക്സ് തിയേറ്ററിൽ ‘രാമായണം’ സിനിമ കാണാൻ 74 വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം ജില്ലാ കളക്ടറും എത്തി. കുട്ടികൾക്കൊപ്പം സിനിമ ആസ്വദിച്ച കളക്ടർ അവരുമായി സംവദിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ജില്ലാ കളക്ടർക്കൊപ്പം സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും വിദ്യാർത്ഥികൾ പങ്കുവെച്ചു. കുട്ടികളുടെ ആഗ്രഹത്തിന് പ്രാധാന്യം നൽകി അത് യാഥാർഥ്യമാക്കിയ കളക്ടറുടെ നടപടി വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അനുഭവമായി.
സ്കൂൾ പ്രിൻസിപ്പൽ ബിനോയ്, സ്റ്റാഫ് സെക്രട്ടറി സിദ്ധാർഥ്, പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.


