കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ആകാശവാണിയുടെ നാടക വിഭാഗത്തിലെ പരമോന്നത അംഗീകാരമായ ‘ടോപ് ഗ്രേഡ്’ (Top Grade) നൽകി ആദരിച്ചു. ആകാശവാണി ഡയറക്ടർ ജനറലിന് വേണ്ടി തിരുവനന്തപുരം റീജിയണൽ ചാനൽ മാനേജർ ഡോ. എ.ജി. ബൈജുവും പ്രോഗ്രാം വിഭാഗം മേധാവി പി.എ. ബിജുവും ചേർന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ബഹുമതി സമ്മാനിച്ചു.
അപൂർവമായി മാത്രം നൽകിവരുന്ന ഈ അംഗീകാരം ഓഡിഷൻ കൂടാതെ ഒരു കലാകാരന് ലഭിക്കുന്നത് പ്രത്യേക ശ്രദ്ധേയതയുള്ളതാണ്. റേഡിയോ നാടക രംഗത്തോടുള്ള മോഹൻലാലിന്റെ ദീർഘകാല ബന്ധവും ഈ മാധ്യമത്തിന് അദ്ദേഹം നൽകിയ സംഭാവനകളുമാണ് ആദരവിന് പിന്നിൽ.
2026-ൽ ആകാശവാണി തിരുവനന്തപുരം, കൊച്ചി നിലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച അഖില കേരള റേഡിയോ നാടകോത്സവത്തിൽ രണ്ട് പ്രധാന നാടകങ്ങളിൽ മോഹൻലാൽ ശബ്ദസാന്നിധ്യമായി എത്തിയിരുന്നു. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച നാടകോത്സവത്തിന് മികച്ച സ്വീകാര്യത നേടിക്കൊടുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കാളിത്തം നിർണായകമായി.
തിരുവനന്തപുരം നിലയം അവതരിപ്പിച്ച ‘ദൈവത്തിൻ മനമാരുകണ്ടു’, കൊച്ചി നിലയത്തിന്റെ ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്നീ റേഡിയോ നാടകങ്ങളിലാണ് മോഹൻലാൽ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.
ആകാശവാണിയുടെ റേഡിയോ നാടകങ്ങളുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് മോഹൻലാലിനുള്ളത്. മുൻകാലങ്ങളിൽ പ്രക്ഷേപണം ചെയ്ത ‘കത്തുകൾ കഥ പറയുന്നു’, ‘ജീവനുള്ള പ്രതിമകൾ’ തുടങ്ങിയ നാടകങ്ങളിലെ അദ്ദേഹത്തിന്റെ ശബ്ദപ്രകടനങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ ഇന്നും ഇടംപിടിച്ചിട്ടുണ്ട്.
റേഡിയോ നാടക പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിനും ഈ മാധ്യമത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ആകാശവാണി പരമോന്നത ഗ്രേഡ് ബഹുമതി സമ്മാനിച്ചത്.
ചടങ്ങിൽ സി.എ. സനിൽ കുമാർ എം.ബി., ആകാശവാണി തിരുവനന്തപുരം നാടക വിഭാഗം പ്രോഗ്രാം എക്സിക്യൂട്ടീവ് റൂബി ബാബു, പ്രോഗ്രാം എക്സിക്യൂട്ടീവുമാരായ ജി. സന്തോഷ് കുമാർ, ഡോ. ജയമോഹൻ, ഫഹദ് റാസ, ഐശ്വര്യ നായർ, റിയാസ് കെ.ഐ. തുടങ്ങിയവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


