Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മിത്തും സത്തും; അനീഷ് തകടിയിൽ

ടാഗോറിന്റെ ദൈവസങ്കൽപ്പം എനിക്കിഷ്ടമാണ്. ഗീതാഞ്ജലി എന്ന കാവ്യം മനസ്സിന്റെ ഉപരിതലത്തെയല്ല, ആന്തരികതലത്തെ ഉന്മത്തമാക്കുന്ന വൈകാരികസ്പര്‍ശമാണ്. ഉള്ളിലേക്കുള്ള ഒരു തിരിനാളം.

ടാഗോർ പറയുന്ന ദൈവത്തെ കേവലം ഒരു മിത്ത് ആയി കാണുന്നതിനുപകരം ഒരു സത്തായി കാണാനാണ് വ്യക്തിപരമായി എനിക്കിഷ്ടം. ആ ദൈവം ചിലപ്പോൾ പ്രപഞ്ചമാകാം, പ്രകൃതിയാകാം, ചരാചരങ്ങളാകാം, ഒരുവേള ഞാൻ തന്നെയാകാം. എന്റെ ഉന്മാദവും ഉന്മേഷവും ഉണർവും ഉയിരുമാകാം. ഡിപ്രഷനിൽ നിന്നും സ്‌ട്രെസ്സിൽ നിന്നും എന്നെ കരകയറ്റുന്ന ഒരു മൂളിപ്പാട്ടുപോലുമാകാം . ഒരു മിന്നാമിനുങ്ങിന്റെ തിരിവെട്ടം.

ഉള്ളിന്റെയുള്ളില്‍ ഒരു കാലം നിവരുന്നതു ഗീതാഞ്‌ജലിയിൽ കാണാം. ആ മനോനിലയിലൂടെയുള്ള കാണാതരംഗങ്ങളുടെ സംവേദനം. അത് മതാതീതമാണ്. മതത്തിനല്ല മനത്തിനാണ് അവിടെ പ്രാധാന്യം. ധ്യാനരൂപത്തിലുള്ള സംവാദം അവിടെ നടക്കുന്നു. പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന പ്രകാശസാമീപ്യമാണ് ടാഗോറിന്റെ (എന്റെയും) ദൈവം.

ടാഗോറിന് ദൈവം ഗാനവും സ്‌നേഹവും സ്‌നേഹിതനും ഒപ്പം മരണം പോലുമാണ്. സൗഹൃദത്തോടെയും മറ്റു ചിലപ്പോള്‍ വിധേയത്വത്തോടെയുമുള്ള ഒരു മനോഹരചിന്ത. അത് മിത്തല്ല. മുത്താണ്.

അപാരമായ പ്രപഞ്ചസങ്കല്‍പ്പവും അശാന്തതയും മായികമായ പ്രണയവും ജീവിതസമര്‍പ്പണവും മൃത്യാരാധനയും ഒക്കെ അടങ്ങുന്ന ഒരു മിസ്റ്റിക്ക് കാവ്യമായി ജീവിതത്തെ കണ്ടാൽ കുറച്ചുകൂടി മനോഹരമാകും.
കഥകളും പുരാണങ്ങളും വിശ്വാസങ്ങളും ആശ്വാസങ്ങളും ഭക്തിയും യുക്തിയും ശാസ്ത്രബോധവും സംവാദവും സഹകരണവുമൊക്കെയാണ് ലോകത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നത്.

ഈ സങ്കൽപ്പങ്ങളും സ്വപ്നങ്ങളുമൊക്കെ ഇല്ലാതായാൽ പിന്നെ ലോകം എന്തിനുകൊള്ളാം?

‘നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം’ എന്ന് കാവ്യമേളയിൽ വയലാർ പാടുന്നത് വെറുതെയല്ല.

ശാസ്ത്രചിന്ത വളർത്തുകയും യുക്തിബോധം വളർത്തുകയും വേണം. ഒപ്പം ഓരോ നാടിന്റെയും ആത്മാവായ കഥകൾ, ചിന്തകൾ, പുരാണങ്ങൾ, നാടോടിപ്പാട്ടുകൾ, ഇതൊക്കെ പകർന്നുകൊടുക്കുകയും വേണം.

ബാക്കിയൊക്കെ ഈ ചിത്രം സംസാരിക്കും. ആത്മപ്രകാശനവാദിയായ ടാഗോറും ഭൗതികശാസ്ത്രജ്ഞനായ ഐൻസ്റ്റീനും ഒരുമിച്ചപ്പോൾ….

ഈ ചിത്രമാകണം നമ്മുടെ മനസും. ശ്രുതിയും താളവും പോലെ…
പ്രകാശം പരക്കട്ടെ

അനീഷ് തകടിയിൽ

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!