ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസ്സിൽ ഫയർഫോഴ്സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഫയർ സർവീസ് മെഡൽ വിതരണവും ആധുനിക ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും തിരുവനന്തപുരത്ത് ഫയർ ആൻഡ് റസ്‌ക്യൂ ആസ്ഥാന മന്ദിരത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന ജീവനക്കാരെ ആദരിക്കുന്നത് അഗ്‌നിരക്ഷാ സേനയ്ക്കാകെ പ്രചോദനം പകരുന്ന നടപടിയാണ്. ഇക്കൊല്ലം അഭിനന്ദനാർഹമായ സേവനം കാഴ്ചവെച്ച 25 ജീവനക്കാർക്കാണ് മുഖ്യമന്ത്രിയുടെ ഫയർ മെഡൽ നൽകുന്നത്. സേനാംഗങ്ങൾക്ക് ലഭിക്കുന്ന ആദരവ് മറ്റു സേനാംഗങ്ങൾക്ക് പ്രചോദനമാവട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ദുരന്തഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും ഉള്ള പ്രാധാന്യം വളരെ വലുതാണ്. സമീപകാലത്ത് ഒന്നിലധികം തവണ കേരളം അതു തിരിച്ചറിഞ്ഞതാണ്. പ്രളയത്തിന്റെയും ഓഖിയുടെയും ഉരുൾപൊട്ടലിന്റെയും ഘട്ടത്തിലെല്ലാം ദുരന്തനിവാരണത്തിനായി സജീവമായി ഇടപെട്ട വിഭാഗമാണ് ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ്.
മുണ്ടക്കൈ – ചൂരൽമല ദുരന്തമുണ്ടായപ്പോൾ ഫസ്റ്റ് റെസ്പോണ്ടേഴ്സായി സ്ഥലത്തെത്തിയതും ആ രാത്രിയിൽ തന്നെ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതും ഫയർ ഫോഴ്സ് ആയിരുന്നു. ചെളിയിൽ പുതഞ്ഞുപോയവരെ തൊട്ടടുത്ത ദിവസം രാവിലെ അതിസാഹസികമായി രക്ഷിച്ചതും അഗ്‌നിശമനാ സേനാംഗങ്ങളായിരുന്നു. സ്വജീവൻ പണയം വെച്ചും ഇത്തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സേനയെ കൂടുതൽ നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടത് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഈ ഘട്ടത്തിൽ ഏറെ അനിവാര്യമാണ്.
വികസിത രാജ്യങ്ങളിൽപോലും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ രൂപപ്പെട്ടു വരുന്നതേയുള്ളു, രാജ്യങ്ങളിൽ. എന്നാലവിടങ്ങളിൽ പോലും ആളുകളുടെ സ്വത്തിനും ജീവനുമൊക്കെ വെല്ലുവിളിയാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും മറ്റും സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അവസരോചിതമായി ഇടപെടുക എന്നതാണ് അത്തരം സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനം. ഈ കാഴ്ചപ്പാട് മുൻനിർത്തി ഏതു ദുരന്തസാഹചര്യത്തെയും നേരിടുന്നതിനും മറികടക്കുന്നതിനും നമ്മുടെ ഫയർഫോഴ്സിനെ സജ്ജമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പുതിയ കാലത്തിനനുയോജ്യമായ വിധത്തിൽ പുതിയ ഉത്തരവാദിത്വങ്ങളേറ്റെടുക്കാൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിനെ സജ്ജമാക്കുക എന്നതാണ് സർക്കാരിന്റെ നയം.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിനെ പോലെ തന്നെ ഈ എൽ ഡി എഫ് സർക്കാരും ഫയർഫോഴ്സിനെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി വലിയ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിച്ചു. ഫയർ ഫോഴ്സിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനികവത്കരിക്കുന്നതിനും തുടക്കമിട്ടു. വാഹനങ്ങൾ, ലാഡറുകൾ, യന്ത്രങ്ങൾ, സേഫ്റ്റി എക്വിപ്മെന്റുകൾ എന്നിവയെല്ലാം ലഭ്യമാക്കി. അതിന്റെയെല്ലാം തുടർച്ചയായാണ് ഇന്നിവിടെ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.
ഇന്നിവിടെ ലഭ്യമാക്കുന്ന അണ്ടർ വാട്ടർ ഡ്രോണുകൾ ജലാശയ ദുരന്തമുഖങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നവയാണ്. ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ, ജലാശയത്തിൽ മുഴുവൻ തിരച്ചിൽ നടത്തുന്ന രീതിയാണ് നാം ഇപ്പോഴും പിന്തുടർന്നുവരുന്നത്. എന്നാൽ, ഇനി ഇത്തരം ദുരന്തമുഖങ്ങളിൽ അണ്ടർ വാട്ടർ ഡ്രോണുകളുടെ സഹായത്തോടെ കാര്യക്ഷമമായ പ്രവർത്തനം നടത്താൻ കഴിയും. ഈ ഉപകരണങ്ങൾ നൽകുന്ന ദൃശ്യങ്ങൾ പരിശോധിച്ച്, തിരച്ചിൽ നടത്തേണ്ടത് എവിടെയൊക്കെയെന്നു കൃത്യമായി തീരുമാനിക്കാൻ അഗ്‌നിശമന സേനാംഗങ്ങൾക്കു കഴിയും.
മനുഷ്യന് നേരിട്ടെത്തി അഗ്‌നിശമനം നടത്തുക അസാധ്യമായ സാഹചര്യങ്ങളിൽ തീ അണയ്ക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന ഫയർ ഫൈറ്റിംഗ് റോബോട്ടും അഗ്‌നിരക്ഷാ വകുപ്പിന് ലഭ്യമാക്കുകയാണ്. ഇത്തരം സംവിധാനങ്ങൾ മുൻകൂറായി ഒരുക്കിയതിന്റെ ഗുണഫലങ്ങൾ നമ്മുടെ അനുഭവത്തിലുള്ളതാണ്. മൊബൈൽ കമ്മ്യൂണിക്കേഷൻസ് സംവിധാനങ്ങളിലുണ്ടായിരുന്ന പോരായ്മ പരിഹരിക്കുന്നതിന് മൊബൈൽ വയർലെസ്സ് ബെയ്സ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നേരത്തെ ലഭ്യമാക്കിയിരുന്നു. ചൂരൽമലയിൽ ദുരന്തമുണ്ടായപ്പോൾ അഗ്‌നിരക്ഷാസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഈ സംവിധാനം ഏറെ സഹായകരമായിരുന്നു. ഫയർഫോഴ്സ് പരിശീലനം നൽകിയ സിവിൽ ഡിഫൻസ് വോളന്റിയർമാർ മികച്ച ഇടപെടലാണ് അവിടെ നടത്തിയത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളുകളിലും കോളേജുകളിലും നാട്ടിൻപുറങ്ങളിലുമൊക്കെ സേന നടത്തിവരുന്ന ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് നല്ല പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നുണ്ടാവുന്നത്. ദുരന്തങ്ങളിൽ നിന്നു രക്ഷിക്കുന്നവർ തന്നെ അത്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നതിനുവേണ്ട മുൻകരുതലുകൾ എടുക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അതിന്റെ ഗൗരവം വളരെ വേഗത്തിൽ തന്നെ ജനങ്ങൾ ഉൾക്കൊള്ളും.
ദുരന്തമുഖങ്ങളിൽ സേനയോടൊപ്പം ചേർന്ന് സന്നദ്ധ പ്രവർത്തനം നടത്താൻ കഴിയുന്ന വിധത്തിലുള്ളവർക്കാണ് പരിശീലനം നൽകേണ്ടത്. ബോധവൽക്കരണം എല്ലാവർക്കും, പരിശീലനം തിരഞ്ഞെടുക്കപ്പെട്ടവർക്കും, എന്നതായിരിക്കും ഏറ്റവും പ്രായോഗികവും ഉപകാരപ്രദവുമായ സമീപനം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നു സേനയെ ഓർമിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അടിയന്തിര പ്രാധാന്യമുള്ളതാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ ജീവനു സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പരമപ്രധാനം എന്ന കാഴ്ചപ്പാടോടു കൂടിയാണ് അഗ്‌നിരക്ഷാസേനയെ പുതിയ സൗകര്യങ്ങളും സജ്ജീകരണങ്ങളുമൊരുക്കി നവീകരിക്കുന്നത്. ആ കാഴ്ചപ്പാട് പൂർണ്ണമായി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അഗ്‌നിരക്ഷാ സേനാംഗങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024-ലെ കേരള ഫയർ & റെസ്‌ക്യൂ സർവ്വീസസിലെ ഫയർ സർവ്വീസസ് മെഡൽ നേടിയ അഗ്‌നിരക്ഷാവകുപ്പ് ജീവനക്കാർക്ക് മുഖ്യമന്ത്രി അഗ്‌നിശമനസേനാ മെഡലുകൾ വിതരണം ചെയ്തു. വകുപ്പിനുവേണ്ടി പുതുതായി വാങ്ങിയ റോബോട്ടിക് ഫയർ ഫൈറ്റർ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അഗ്‌നിശമന രക്ഷാ സേന വിഭാഗം ഡയറക്ടർ ജനറൽ കെ പദ്മകുമാർ സ്വാഗതവും ഡയറക്ടർ – ടെക്‌നിക്കൽ എം നൗഷാദ് നന്ദിയും അറിയിച്ചു.