ഹരിതമിത്രം/സ്മാർട്ട്, ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ തിരുവനന്തപുരം നഗരസഭയിലും നടപ്പാക്കുന്നു

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വ്യക്തവും കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും മാലിന്യ സംസ്ക്കരണ വിഷയത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാനം ഒട്ടാകെ നടപ്പിലാക്കി വരുന്ന ഹരിതമിത്രം/സ്മാർട്ട്, ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ തിരുവനന്തപുരം നഗരസഭയിലും നടപ്പിലാക്കി വരികയാണ്. ഇതിലേക്കായി നഗരസഭ നിയോഗിക്കുന്ന ഒരു ടീം വീടുവീടാന്തരം എത്തി വിവരശേഖരണം നടത്തുന്നു. ഹരിതമിത്രം ആപ്ലിക്കേഷനിൽ വിവരങ്ങൾ എൻറർ ചെയ്യുന്നതിനുള്ള ചോദ്യാവലിയിൽ റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. സർവ്വേയ്ക്ക് എത്തുന്ന സന്നദ്ധസേനാ അംഗങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിന് ഗൃഹനാഥൻ/ഗൃഹനാഥ യാതൊരു വിധത്തിലും പരിഭ്രമിക്കേണ്ടതില്ല. തിരുവനന്തപുരം നഗരസഭയുടെ ടി ഉദ്യമത്തിന് എല്ലാ നഗരവാസികളുടെയും പരിപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നു.
നഗരസഭാ പരിധിയിൽ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകർമസേനയെ നഗരസഭ രൂപീകരിച്ച് നഗരസഭയിലെ എല്ലാ വാർഡുകളിൽ പ്രവർത്തനം നടത്തി വരുന്നു. ഗാർഹിക തലത്തിൽ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറി നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ എല്ലാപേരും സഹകരിക്കേണ്ടതും തിരുവനന്തപുരം നഗരസഭയുടെ സുതാര്യമായ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് നഗരസഭ വാസികൾക്കുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

error: Content is protected !!