ആനാകോട് – കാർത്തികപറമ്പ് പാടശേഖരത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് തുടക്കം

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട്- കാർത്തികപറമ്പ് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പ്രാദേശിക കാർഷിക വിളകളുടെയും അവയുടെ മൂല്യവർധിത ഉൽപ്പനങ്ങളുടെയും നിർമ്മാണം പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജി സ്റ്റീഫൻ എം. എൽ. എ. പരിപാടിയിൽ അധ്യക്ഷനായി.

ആനാകോട് കാർത്തികപ്പറമ്പ് പാടശേഖരത്തിൽ കാലവർഷക്കെടുതിയും, വെള്ളക്കെട്ടും മൂലം കൃഷി നാശം പതിവാണ്. കാലവർഷ സമയം തുടർച്ചയായി ബണ്ട് പൊട്ടി, വിളവെടുപ്പിന് തയാറായ കാർഷിക വിളകൾ പോലും വെള്ളം കയറി നശിക്കുന്നത് കർഷകർക്ക് കനത്ത ആഘാതമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ബണ്ട് നിർമ്മിക്കണമെന്ന കർഷകരുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. 46.41 ലക്ഷം രൂപ ചെലവഴിച്ചാണ് ബണ്ടും സംരക്ഷണ ഭിത്തിയും ഉൾപ്പെടെ നിർമ്മിക്കുന്നത്. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.

വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഇന്ദുലേഖ, പൂവച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി. സനൽകുമാർ, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, കെ എസ് ഡി സി മാനേജിംഗ് ഡയറക്ടർ രാജീവ് പി.എസ്., വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

error: Content is protected !!