കേരളീയം: മലയാളം മിഷൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവ്

കേരളം ആർജിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ ഒന്നു മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തോടനുബന്ധിച്ച് മലയാളം മിഷൻറെ സുവനീർ ഉത്പന്നങ്ങൾക്ക് ഡിസ്‌കൌണ്ട് ലഭിക്കും. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ പുറത്തിറക്കുന്ന കേരളത്തനിമയാർന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

മലയാളം ഉടുപ്പിലും നടപ്പിലും എന്ന ടാഗ് ലൈനിൽ മലയാളം മിഷൻ നടപ്പാക്കുന്ന സംരംഭമാണ് സുവനീർ ഷോപ്പ്. വേഷത്തിലും നിത്യോപയോഗ വസ്തുക്കളിലും  എല്ലാം കലർന്നു ചേരുന്ന ഒന്നായി ഭാഷയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുവനീർ ഷോപ്പ് പദ്ധതി ആരംഭിച്ചത്. ലോകമെങ്ങുമുള്ള മലയാളികൾ നിന്ന് വലിയ സ്വീകാര്യതയാണ് സുവനീർ ഷോപ്പിൽ ലഭ്യമായ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദേശികൾ അടക്കമുള്ള ഒട്ടേറെ സഞ്ചാരികൾ എത്തിച്ചേരുന്ന മലയാളത്തിൻറെ മഹോത്സവമായ കേരളീയത്തോടനബന്ധിച്ച് മലയാളം മിഷൻ സുവനീർ ഉത്പന്നങ്ങൾക്ക് ഡിസ്‌കൌണ്ട് പ്രഖ്യാപിച്ചത്.

അക്ഷര സാരി, അക്ഷരമുണ്ട്, ടീഷർട്ട്, സഞ്ചികൾ, കോഫി മഗ്ഗ്, മാജിക് കപ്പ് എന്നിവ ഓഫർ കാലയളവിൽ പ്രത്യേക  വിലക്കുറവിൽ ലഭിക്കും. ഒക്ടോബർ 15 മുതൽ നവംബർ 10 വരെ ഓഫർ ലഭ്യമാണ്. മലയാളം മിഷൻറെ തൈക്കാടുള്ള ഓഫീസിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സുവനീർ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8078920247.
error: Content is protected !!