കൊഞ്ചം അങ്കേപ്പാര് കണ്ണാ… രജിനികാന്ത് തുടക്കം മുതല്‍ ജയിലര്‍ വരെ

ഇന്ത്യൻ സിനിമയിൽ ഇതിഹാസങ്ങൾ രചിച്ച മഹാനടന്മാരുണ്ട്. കൂടുതൽ സിനിമകളിലും കൂടുതൽ ഭാഷകളിലുമൊക്കെ അഭിനയിച്ച് ചരിത്രത്തിൽ ഇടം നേടിയവരുമുണ്ട്. എന്നാൽ പ്രതിഭാസമായി മാറിയ ഒറ്റ നടനേയുള്ളൂ. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്ന സാക്ഷാൽ രജിനികാന്ത് . ഇന്നും സ്‌ക്രീനിൽ രജിനി എന്ന മൂന്നക്ഷരം തെളിഞ്ഞുവരുമ്പോൾ ഉയർന്നുപൊങ്ങുന്ന ഒരു ആരവമുണ്ടല്ലോ അതാണ് ആ പ്രതിഭാസം. കാലമെത്ര മാറിയിട്ടും മാറാത്തതായി ഒന്നേയുള്ളൂ അതാണ് രജനി

കമലാഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ എണ്ണം പറഞ്ഞ അഭിനയ പ്രതിഭയൊന്നുമല്ല രജിനികാന്ത് . പക്ഷെ ആ ചടുലത, സ്റ്റൈൽ, ഡയലോഗ് ഡെലിവറി, കണ്ണുകളിലെ തീ, പിന്നെ ആ രജിനിഫൈഡ് ചിരി. ഇതെല്ലം ചേർന്നാൽ രജിനികാന്തായി. എന്നിട്ടും എന്തുകൊണ്ടാവും ഈ എഴുപത്തിരണ്ടുകാരൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാവുന്നത്? അതാണ് തുടക്കത്തിൽ പറഞ്ഞത് ഒരു പ്രതിഭാസമാണെന്ന്.

രജിനികാന്ത് അഭിനയിക്കുന്നത് സ്‌ക്രീനിൽ മാത്രമാണ്. അതിനുപുറത്ത്, തന്റെ നരച്ചതാടിയും കഷണ്ടി കയറിയ തലയുമായി നടക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. വിജയത്തിൽ അമിതമായി ആഹ്ലാദിക്കുകയോ പരാജയത്തിൽ മനം മടുത്ത് സ്വയം കുഴിച്ചുമൂടുകയോ ചെയ്യില്ല. തന്റെ ചിത്രം റിലീസായി തിയേറ്ററിനെ ഇളക്കിമറിക്കുമ്പോൾ കഥാപാത്രത്തിന്റെ പച്ചയും കത്തിയും കരിയുമൊക്കെ അഴിച്ചുവെച്ച് ഹിമാലയത്തിലെ ഗുഹയിൽ ധ്യാനത്തിലായിരിക്കും രജിനി.

സമീപകാലത്തിറങ്ങിയ രജിനി ചിത്രങ്ങളൊക്കെ പരാജയമായിരുന്നു. പണി മതിയാക്കി പൊക്കൂടേയെന്ന് സോഷ്യൽമീഡിയയിൽ ചോദ്യമുയർന്നു. ട്രോളുകൾ നിറഞ്ഞു. ഇന്ന് ആ അക്കൗണ്ടുകളിൽ നിന്നും ‘രജിനിസ്റ്റാറ്റസു’കൾ വരുന്നു. പഴയതും പുതിയതുമായ ഡയലോഗുകൾ വരുന്നു. അതാണ് രജിനികാന്ത് . ആ മനുഷ്യനെ ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. രണ്ട് ദിനം പിന്നിട്ടപ്പോള്‍ രജിനി ചിത്രം ജയിലര്‍ ആഗോളതലത്തില്‍ 150 കോടി ക്ലബ്ബില്‍ കടന്നുകഴിഞ്ഞു. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടാനും രജിനി ചിത്രത്തിന് കഴിഞ്ഞു.

ഇനി അൽപ്പം ഫ്ലാഷ്ബാക്ക്

കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങി. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വന്നു.

ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.

ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും (1978) തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. 1980-കളാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജിനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദർ സ്വയം നിർമിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജിനിയുടെ വളർച്ചക്ക് കരുത്തായത്.

ഖുദ്-ദാർ, നമക് ഹലാൽ, ലവാരീസ്, ത്രിശൂൽ, കസ്മേ വാദേ തുടങ്ങിയ ബച്ചൻ ചിത്രങ്ങൾ പഠിക്കാത്തവൻ, വേലൈക്കാരൻ, പണക്കാരൻ, മിസ്റ്റർ ഭരത്, ധർമത്തിൻ തലൈവൻ തുടങ്ങിയ പേരുകളിൽ തമിഴിൽ പുറത്തിറങ്ങി. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജിനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജിനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

രജിനിയുടെ താര പരിവേഷം ക്രമേണ വാനോളമുയർന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. 1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജിനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജിനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജിനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജിനി. 2007-ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി. ഇപ്പോഴിതാ ‘ജയിലർ‘ രണ്ടുദിവസം കൊണ്ടു ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.
അല്ലെങ്കിലും രജിനികാന്ത് ഒരു ഉത്സവമാണ്. നമ്മളെ ആനന്ദത്തിൽ ആറാടിക്കുന്ന ഉത്സവം. സിനിമയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന പ്രതിഭാസം

സൊ… ഗെറ്റ് രജിനിഫൈഡ്!

അനീഷ് തകടിയിൽ

error: Content is protected !!