പരിമിതികൾ മറന്ന് കളിയും ചിരിയുമായി അവർ  അമൃതയിൽ ഒത്തുകൂടി

കൊച്ചി: ചുറ്റുമുള്ളവരിൽ സന്തോഷം നിറച്ച് ഡൗൺസിൻഡ്രോം ബാധിതരായ  കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന പേരിൽ ഒരുക്കിയ പരിപാടിയിൽ  ഡൗൺസിൻഡ്രോം ബാധിതരായ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും വിഗദ്ധർ ക്ലാസെടുത്തു. സിനിമാതാരം സണ്ണി വെയ്ൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്വയം ചിന്തിക്കാൻ കുട്ടികൾക്ക് കഴിവുണ്ടെന്നും അതിന്  പ്രാപ്തരാക്കാനുള്ള പിന്തുണ മാതാപിതാക്കൾ നൽകണമെന്നും  സണ്ണിവെയ്ൻ പറഞ്ഞു. സിനിമാതാരങ്ങളായ ലക്ഷ്മിപ്രിയയും മനുരാജും ചടങ്ങിൽ പങ്കെടുത്തു. കേരള ആരോഗ്യസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ അധ്യക്ഷനായിരുന്നു. അമൃത ആശുപത്രി പേഷ്യന്റ്സ് സർവീസ് വിഭാഗം ജി.എം ബ്രഹ്മചാരിണി രഹന നന്ദി പ്രകാശിപ്പിച്ചു.

ഡൗൺ സിൻഡ്രോം ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപക ഡോ. സുരേഖ രാമചന്ദ്രൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഷാജി തോമസ് ജോൺ,  ഹാർട്ട്‌സ് ഓഫ് ജോയ് സ്ഥാപക  ലോറൻ കോസ്റ്റബൈൽ, അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, പീഡിയാട്രിക്‌സ് ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ.ഷീല നമ്പൂതിരി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.സി ജയകുമാർ, ഡോ.കെ.പി വിനയൻ, ഡോ. പി.കെ ബ്രിജേഷ്, ഡോ.നിഷ ഭവാനി, ഡോ.മധുമിത തുടങ്ങിയവർ സംസാരിച്ചു.

ഡൗൺസിൻഡ്രോം സംബന്ധിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി നിരവധി വിഷയങ്ങൾ പരിപാടി ചർച്ച ചെയ്തു. ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്കായി കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയം നടപ്പിലാക്കുന്നത് രക്ഷിതാക്കളുടെ കാലശേഷം അവരെന്ത് ചെയ്യുമെന്ന ആശങ്കയ്ക്ക് പരിഹാരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളെ അപേക്ഷിച്ച് ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾ ഇന്ന്  മുഖ്യധാരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും ഇതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും ചർച്ചയിൽ സംസാരിച്ച ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും വളരെ പ്രധാനമാണെന്നും വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ള ചികിത്സാരീതിയാണ് സ്വീകരിക്കേണ്ടതെന്നും  വിദഗ്ധർ പറഞ്ഞു.

നാടക, അഭിനയ പരിശീലകനും ഗവേഷകനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണന്റെ  നേതൃത്വത്തിൽ തീയറ്റർ ശില്പശാലയും പരിപാടിയുടെ ഭാഗമായി നടത്തി. കുരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും കലാഭിരുചികൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു അമൃതാങ്കണം. ഡൗൺ സിൻഡ്രോമിനെ വെല്ലുവിളിച്ച് വളർന്ന സുധാമയി ശ്രീരാമിന്റെ നൃത്തപ്രകടനവും ഫിലിപ്പൈൻസിൽ നിന്ന് എത്തിയ അമ്മമാരുടെ നൃത്തവും അടക്കമുള്ള കലാപരിപാടികൾ അരങ്ങേറി. ആദർശ് സ്‌കൂൾ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫ്രന്റ്‌ലി ഏബിൾഡ് തുടങ്ങിയ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു.

error: Content is protected !!