‘നല്ല നാളേയ്ക്ക് വേണ്ടി ഇന്ന് പഠിക്കാം’ ലോക പ്രമേഹ രോഗ ദിനം – നവംബര്‍ 14

ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 1991 മുതല്‍ നവംബര്‍ 14ന് 170 രാജ്യങ്ങളിലെ 230 പ്രമേഹ സംഘടനകള്‍ പ്രമേഹ ദിനമായി ആചരിക്കുകയാണല്ലോ. കോടാനുകോടി പ്രമേഹ രോഗികളെ മരണത്തില്‍ നിന്നും രക്ഷിച്ച ഇന്‍സുലിന്‍ കണ്ടുപിടിച്ച ഫ്രഡറിക് ബാന്റിന്റെ ജന്മദിനമാണ് നവംബര്‍ 14ന് (1891). എല്ലാ വര്‍ഷവും പ്രമേഹ ദിനത്തില്‍ ഒരു ചിന്താവിഷയം 1991 മുതല്‍ അവതരിപ്പിക്കാറുണ്ട്. 2021 – 2023ലെ പ്രമുഖ ചിന്താവിഷയം ‘എല്ലാ രോഗികള്‍ക്കും ചികിത്സ കിട്ടുവാന്‍ സാധിക്കണം’ എന്നതാണ്. 2022ല്‍ ആ വിഷയത്തിന്റെ ഒരു ഉപചിന്താവിഷയമായി ഉയര്‍ത്തി കാണിച്ചിട്ടുള്ളത് ‘നല്ല നാളേയ്ക്കു വേണ്ടി ഇന്നു പഠിക്കാം (Education to protect Tomorrow)’ എന്നാണ്. കഴിഞ്ഞ ദശകത്തിലെ ഭയപ്പെടുത്തുന്ന സ്ഥിതിവിവര കണക്കുകളാണ് ഈ ചിന്താവിഷയം തിരഞ്ഞെടുക്കുവാന്‍ കാരണം.

കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളുടെ എണ്ണം 4 ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആകെയുള്ള 537 ദശലക്ഷം പ്രമേഹ രോഗികളില്‍ 74 ദശലക്ഷം ഇന്ത്യയിലാണ്. 2030ല്‍ ആഗോള രോഗികളുടെ എണ്ണം 643 ദശലക്ഷവും 2045ല്‍ 783 ദശലക്ഷവും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകുതി പ്രമേഹ രോഗികളും രോഗലക്ഷണങ്ങളുടെ അഭാവം മൂലം അവര്‍ രോഗികളാണെന്ന് അറിയുന്നില്ല. 75% പ്രമേഹരോഗികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ്. അതായത് വേണ്ട സമയത്ത് വേണ്ട രീതിയിലുള്ള ചികിത്സയും മരുന്നുകളും സംരക്ഷണവും ആശുപത്രി സഹായവും അയവര്‍ക്ക് ലഭിക്കുന്നില്ല. പ്രമേഹരോഗം കൊണ്ട് ഒരു വര്‍ഷം 67 ലക്ഷം പേര്‍ മരിക്കുന്നു (ഇന്ത്യയില്‍ പത്തു ലക്ഷം). ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ (ഭക്ഷണം, വ്യായാമം, സമീകൃത ആഹാരം) മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കുവാനും ചിലപ്പോള്‍ സുഖപ്പെടുത്തുവാനും സാധിച്ചേക്കും. പ്രമേഹരോഗം നിയന്ത്രണാധീതമാണെങ്കില്‍ ചികിത്സാ ചിലവ് ചുരുക്കുവാനും ഭാവിയിലുണ്ടാകുന്ന ചിലവുകളേറിയ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുവാനും മരണനിരക്ക് കുറയ്ക്കുവാനും സാധിക്കുന്നു. രോഗത്തെപ്പറ്റിയും രോഗ കാരണങ്ങള്‍, സങ്കീര്‍ണ്ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണ്ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഹെല്‍ത്ത് ജീവനക്കാര്‍ക്കും (വര്‍ക്കേഴ്‌സ്) നല്ല വിജ്ഞാനം അത്യന്താപേക്ഷിതമാണ്. നിരന്തര രോഗ ബോധവത്കരണം കൊണ്ട് രോഗ നിയന്ത്രണവും രോഗപ്രത്യാഘാതങ്ങളും രോഗനിരക്കും കുറയ്ക്കുവാന്‍ സാധിക്കുമെന്ന് പല രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ദുര്‍മേദസ്സ് ഇന്ത്യയില്‍ കൂടി വരികയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 5.24%വും സ്ത്രീകളില്‍ 7%വും 2030 ല്‍ ദുര്‍മേദസ്സുള്ളവരായിരിക്കുമത്രെ. 5 – 9 വയസ്സുള്ള കുട്ടികളില്‍ 10 – 8%വും 10 – 19 വയസ്സുള്ളവരില്‍ 6.29% ദുര്‍മേദസ്സുള്ളവരാകുമ്പോള്‍ ജീവിതശൈലി രോഗമായ പ്രമേഹരോഗം വര്‍ദ്ധിക്കുമെന്നുള്ളതിനു സംശയമില്ലല്ലോ. ദുര്‍മേദസ്സ് കുറയ്ക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക (ആഴ്ചയില്‍ 150 മിനിട്ട് നടക്കണം), നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക, സമീകൃത ആഹാരം കഴിക്കുക (അപൂരിത ഫാറ്റി ആസിഡ് കൂടുതലുള്ള എണ്ണകള്‍, ആല്‍മണ്ട്‌സ്, മത്സ്യം, മാംസം എന്നീ ആഹാര കൂട്ടുകള്‍), ഫാസ്റ്റ് ഫുഡ് ഉപയോഗം നിര്‍ത്തുക. ഈ കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ ഭാവിയില്‍ പ്രമേഹരോഗം വരുവാനുള്ള സാദ്ധ്യത കുറയ്ക്കുവാന്‍ സാധിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്.

Teach the patient to treat his / her Diabetes
തന്നത്താന്‍ ചികിത്സിക്കുവാന്‍ രോഗിയെ പഠിപ്പിക്കുക‘ എന്നതായിരിക്കണം പ്രമേഹരോഗ ചികിത്സയുടെ ആപ്തവാക്യം.

Prof. Dr. K. P. Poulose
Principal Consultant in General Medicine
SUT Hospital, Pattom

error: Content is protected !!