കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം; ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രാസവസ്തുക്കളുടെയോ വിഷാംശത്തിന്റെയോ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താൻ ആന്തരികാവയങ്ങൾ രാസപരിശോധനക്കയച്ചു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ജുശ്രീയുടെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയത്. മരണ കാരണം ഭക്ഷ്യ വിഷബാധയല്ലെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് . കരളിന്റെ പ്രവർത്തനം നിലച്ചുവെന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

മറ്റേതെങ്കിലും രാസ വസ്തുക്കളുടെയോ വിഷാംശത്തിന്റെയോ സാന്നിധ്യമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.വിശദമായ പരിശോധനക്കായി ആന്തരികാവയങ്ങൾ കോഴിക്കോട്ടെ റീജിയണൽ ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ തെളിവ് ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു.

മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് അഞ്ജുശ്രീ മരിച്ചത്. ഇതിന് പിന്നാലെ ഡിസംബർ 31 ന് കാസർകോട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് മരണമെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് ശ്രമം.

error: Content is protected !!