അന്തർസംസ്ഥാന ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേർ, DJ പാർട്ടി കളിൽ ലഹരി വില്പന നടത്തി മടങ്ങവെ, MDMA യും ഹാഷിഷ് ഓയിലുമായി മുത്തങ്ങ എക്സൈസിന്റെ പിടിയിലായി.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ 61 ഗ്രാം MDMA യും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. (1)പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജ് വല്യക്കുന്നത്ത് യെസ് യെസ് ഭവനിൽ സുജിത് സതീശൻ, (2) പത്തനം തിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജ് ചരുവിപറമ്പിൽ വീട്ടിൽ അരവിന്ദ് ആർ കൃഷ്ണ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച MH 02 BP 9339 നമ്പർ കാറും ഇവർ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈൽ ഫോണുകളും 100 അമേരിക്കൻ ഡോളറും, കഞ്ചാവും MDMA യും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിനും, ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട പോലീസ് അന്വേഷിക്കുന്ന CR No. 983/2023 കേസ്സിലെ പ്രതികളായ ഇവര്‍, ബാഗ്ലൂർ കേന്ദ്രീകരിച്ച് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മറവിലാണ് ലഹരി കച്ചവടം നടത്തിവന്നത്. തോൽപ്പെട്ടി, സുൽത്താന്‍ ബത്തേരി, മേപ്പടി ഭാഗങ്ങളില്‍ വീക്ക്‌എന്‍ഡുകളില്‍ ചെറു പൊതികളിലാക്കി മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എക്സൈസ് ഇൻസ്പെക്ടര്‍ അനൂപ് വി.പി അറിയിച്ചു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ .കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, അരുൺ പി ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, റസിയ ഫർസാന എന്നിവരും ഉണ്ടായിരുന്നു.