നവകേരള നിർമിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴുവർഷത്തിനിടെയുണ്ടായ വികസനമുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നു. സർക്കാർ ഇടപെടലുകളേക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും ജനങ്ങളുമായി സംവദിക്കാനും പൊതുസമൂഹത്തിന്റെ പ്രതികരണം അടുത്തറിയാനുമാണ് പരിപാടി.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സ് സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും ഉണ്ടാകും. നവംബർ 18ന് മഞ്ചേശ്വരത്താണ് ആദ്യ പരിപാടി. പരിപാടിക്ക് ഓരോ മണ്ഡലത്തിലും എംഎൽഎമാർ നേതൃത്വം വഹിക്കും. സെപ്‌തംബറിൽ സംഘാടകസമിതി രൂപീകരിക്കും.മണ്ഡലം സദസ്സിൽ സ്വാതന്ത്ര്യസമര സേനാനികൾ, മുതിർന്ന പൗരന്മാർ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി–- വർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, കലാകാരന്മാർ, സാമുദായിക സംഘടനകളിലെ നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്കാരിക സംഘടനകൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രത്യേകാതിഥികളായി പങ്കെടുക്കും. കലാപരിപാടികളും ഉണ്ടാകും. പരിപാടിയുടെ സംഘാടനത്തിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്‌ണനാണ് സംസ്ഥാനതല കോ–-ഓർഡിനേറ്റർ. ജില്ലകളിലെ ചുമതല വിവിധ മന്ത്രിമാർക്കാണ്. കലക്ടർമാർക്കാണ് ജില്ലാ പരിപാടിയുടെ ചുമതല.