ലോകം മുഴുവന്‍ കേരളീയമെത്തിക്കാന്‍ ലോക കേരളസഭ

കേരളത്തിന്റെ നേട്ടങ്ങളും സാംസ്കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവന്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങള്‍.കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.ഒമാന്‍ മുതല്‍ അസര്‍ബൈജാന്‍ വരെയുള്ള രാജ്യങ്ങളിലെ 150 ഓളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തെ വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ സമഗ്രമായി അവതരിപ്പിക്കുന്ന കേരളീയം എന്ന ആശയം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അംഗങ്ങള്‍ കേരളീയം വിജയിപ്പിക്കാന്‍ അതത് രാജ്യങ്ങളില്‍ പ്രചാരണം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.കേരളീയം പരിപാടിയില്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച അംഗങ്ങള്‍ സെമിനാറുകള്‍ക്കടക്കം ഒട്ടേറെ വിഷയങ്ങളില്‍ നവീനമായ ആശയങ്ങള്‍ പങ്കുവെച്ചു.കേരളീയത്തില്‍  നേരിട്ട് പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാമെന്ന് ഡോ.കെ.വാസുകി അറിയിച്ചു. പരിപാടികളുടെ വിശദാംശങ്ങള്‍ അംഗങ്ങളെ ഇ-മെയില്‍ വഴി അറിയിക്കാമെന്നും കേരളീയം സെമിനാറുകള്‍ ലൈവായി കാണാന്‍ അവസരം ഒരുക്കാമെന്നും സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ അറിയിച്ചു.164 രാജ്യങ്ങളില്‍ അംഗങ്ങളുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍,പരിപാടിക്ക് വ്യാപകമായ പ്രചാരണം നല്‍കാമെന്ന് അറിയിച്ചു.  ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആഘോഷത്തിനുള്ള അവസരമാണ് കേരളീയമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
കേരളീയത്തെക്കുറിച്ചുള്ള സംഘാടക സമിതി കണ്‍വീനര്‍ ഹരികിഷോറിന്റെ അവതരണത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രവാസി വിഷയത്തില്‍ നടക്കുന്ന സെമിനാറിനെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു.ലോക കേരള സഭ ഡയറക്ടര്‍ ഡോ.കെ.വാസുകി യോഗത്തിൽ നന്ദി പറഞ്ഞു.

error: Content is protected !!