ഉദ്യോഗസ്ഥ വീഴ്ച്ച കാരണം യുവതിക്ക് സര്‍ക്കാ‍ര്‍ ജോലി നഷ്ടപ്പെട്ട സംഭവം; പിഎസ്‍സിയെ പഴിച്ച്‌ മന്ത്രി

കൊല്ലം: കൊല്ലത്ത് ഉദ്യോഗസ്ഥ വീഴ്ച്ച കാരണം കൊല്ലം ചവറ സ്വദേശിനി നിഷക്ക് സര്‍ക്കാ‍ര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പിഎസ്‍സിയെ പഴിചാരി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം നല്‍കാതിരുന്നത് പിഎസ്‍സിയാണെന്നാണ് മന്ത്രിയുടെ വാദം. നിഷയുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രിയെത്തിയത്.

ഉദ്യോഗസ്ഥന്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ നാല് സെക്കന്റ് വൈകിയത് കൊണ്ട് ജോലി നഷ്ടമായ വിഷയം വലിയ ചര്‍ച്ചയായതോടെയാണ് മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണമെത്തിയത്. 2018 മാര്‍ച്ച്‌ 28ന് 6 ജില്ലകളിലെ പന്ത്രണ്ട് ഒഴിവുകള്‍ നഗരകാര്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം യുദ്ധകാലടിസ്ഥാനത്തില്‍ ഒഴിവുകള്‍ പിഎസ്‍സിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. അവധി ദിനത്തില്‍ പോലും പണിയെടുത്ത ഉദ്യോഗസ്ഥര്‍ 31ന് രാത്രി 11.36 മുതല്‍ ഇമെയില്‍ അയച്ചു തുടങ്ങി. കണ്ണൂര്‍, എറണാകുളം ജില്ലകള്‍ക്ക് മെയില്‍ പോയത് രാത്രി 12 മണിക്ക്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത മെയില്‍ കിട്ടാന്‍ നാല് സെക്കന്റ് വൈകി എന്ന കാരണത്താലാണ് നിഷക്ക് എറണാകുളത്ത് ജോലി നഷ്ടമായത്.

അതേസമയത്ത് തന്നെ മെയില്‍ കിട്ടിയ കണ്ണൂരില്‍ പരാതികളില്ലാതെ കൃത്യമായി നിയമനം നടന്നുവെന്നുമാണ് മന്ത്രി പറയുന്നത്. അതായത് നഗരകാര്യ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന് വീഴ്ച്ചയില്ലെന്നും പ്രശ്നങ്ങളെല്ലാം പി.എസി.സിയുടേതുമാണെന്നുമാണ് മന്ത്രിയുടെ വാദം. 2015ല്‍ എറണാകുളം ജില്ലയിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 696 ആം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് നിഷയുള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യിച്ചു. 2018 മാര്‍ച്ച്‌ 31 ന് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്ബ് നിഷക്ക് ജോലി ലഭിക്കാനുള്ള അവസരം ഉദ്യോഗസ്ഥന്‍ കാണിച്ച അലംഭാവം കൊണ്ട് നഷ്ടപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം

error: Content is protected !!