കാര്യവട്ടം ഏകദിനം: വിനോദനികുതി കുറയ്ക്കണം: മന്ത്രി കായികപ്രേമികളെ അവഹേളിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണം. ഒറ്റയടിക്ക് അഞ്ചിൽനിന്ന് 12 ശതമാനമായി വിനോദ നികുതി ഉയർത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ജിഎസ്ടി ഉൾപ്പെടെ കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണമെന്നതാണ് സ്ഥിതി. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സർക്കാരിന്റെ രീതി. കളി കാണാൻ കൂടുതലും വിദ്യർത്ഥികളും യുവാക്കളുമാണ് എത്തുക എന്നിരിക്കെ ഇത്രയും ഭീമമായ നിരക്ക് വർദ്ധനയ്ക്ക് എന്ത് ന്യായമാണ് സർക്കാരിന് പറയാനുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. കുത്തക മുതലാളിമാർക്ക് ഇളവുകൾ നൽകുന്ന സർക്കാർ പാവപ്പെട്ടവരുടെ മേൽ നികുതി ഭാരം കെട്ടിവെക്കുകയാണ്. ധിക്കാരപരമായ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

error: Content is protected !!