സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ്
റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.
കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്കോർ 600 ൽ 583.6440) കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (സ്കോർ 600 ൽ 575.7034) കോട്ടയം സ്വദേശി ഫ്രഡി ജോർജ് റോബിൻ മൂന്നാം റാങ്കും (സ്കോർ 600 ൽ 572.7548) കരസ്ഥമാക്കി. എല്ലാ വിജയികൾക്കും മന്ത്രി ഡോ. ബിന്ദു ആശംസകൾ നേർന്നു.
എസ് സി വിഭാഗത്തിൽ പത്തനംത്തിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്കും (സ്കോർ 600 ൽ 441.7023), കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്കും (സ്കോർ 600 ൽ 437.9901) കരസ്ഥമാക്കി. എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (സ്കോർ 600 ൽ 387.5987), പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്കും (സ്കോർ 600 ൽ 364.7566) കരസ്ഥമാക്കി.
ആകെ 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും 25,346 പേർ ആൺ കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കിൽ സംസ്ഥാന ഹയർസെക്കന്ററി സിലബസ്സിൽ നിന്ന് 2,043 പേരും സി ബി എസ് ഇ യിൽ നിന്ന് 2,790 പേരും യോഗ്യത നേടി.
HSE-കേരള 2,043, AISSCE (CBSE)- 2,790, ISCE(CISCE )- 133, മറ്റുള്ളവ 34 എന്നിങ്ങനെയാണ് ആദ്യ അയ്യായിരം റാങ്കുകൾ.
ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും(154), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ് (135).
മെയ് 17 ന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്‍കോർ മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്.
വിവിധയിടങ്ങളിലായി 339 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
ഇത്തവണ റെക്കോർഡ് വേഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണർക്കും കമ്മിഷണറേറ്റിലെ മുഴുവൻ ജീവനക്കാർക്കും മന്ത്രി ഡോ ബിന്ദു പ്രത്യേകം അഭിനന്ദനം അറിയിച്ചു.