ജമന്തി പൂവിന്റെ വർണവസന്തമൊരുക്കി തൊളിക്കോട് യു.പി സ്‌കൂൾ

അരുവിക്കര തൊളിക്കോട് ഗവൺമെന്റ് യു.പി.എസിൽ ഇത്തവണത്തെ ഓണം കളർഫുളാണ്. ഓണത്തിന് പൂക്കളമൊരുക്കാൻ സ്‌കൂൾ മുറ്റത്തുള്ള ജമന്തിത്തോട്ടത്തിലെ പൂക്കൾ തന്നെ ധാരാളം. സ്‌കൂൾ അങ്കണത്തിൽ കൃഷിചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് ആഘോഷമാക്കി ഓണത്തെ വരവേൽക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയുടെ ഭാഗമായുള്ള ജമന്തി

പൂക്കളുടെ വിളവെടുപ്പ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പൂക്കളുൾപ്പെടെ ഓണത്തിനുള്ള എല്ല വിഭവങ്ങളും കൃഷിചെയ്ത്, സ്വയം പര്യാപ്തതയിലെത്തണമെന്നും അടുത്തവർഷം തൊഴിലുറപ്പ് തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി പ്രദേശത്ത് പുഷ്പ കൃഷി വ്യാപകമാക്കുമെന്നും എം.എൽ.എ പറഞ്ഞുതൊളിക്കോട് കൃഷിഭവൻ, പഞ്ചായത്ത് അധികൃതർ, സ്‌കൂൾ അധികൃതർ എന്നിവരുടെ ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇക്കുറി ഓണം സുഗന്ധഭരിതമാക്കിയത്. തൊളിക്കോട് യു.പി.എസിലെ ഒന്നേകാൽ ഏക്കർ വരുന്ന ഭൂമിയുടെ തരിശ് നിലമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പുഷ്പ കൃഷിക്കായി ഒരുക്കിയത്. 75 സെന്റ് സ്ഥലത്തേക്കുള്ള പുഷ്പത്തൈകളും വളവും കൃഷിഭവൻ നൽകി. ജൂൺ മാസത്തിലാണ് തൈകൾ നട്ടത്. പരിചരണം വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും ഏറ്റെടുത്തു. മുൻവർഷങ്ങളിൽ പച്ചക്കറി കൃഷിയായിരുന്നു ഇവിടെ ചെയ്തിരുന്നത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഹൈബ്രിഡ് ജമന്തിയാണ് വിളവെടുത്തത്. വരും വർഷങ്ങളിൽ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പുഷ്പകൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൃഷിഭവനും തൊളിക്കോട് ഗ്രാമപഞ്ചായത്തും.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സുശീല, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, തൊളിക്കോട് കൃഷി ഓഫീസർ ശരണ്യ സജീവ്, ഹെഡ്മിസ്ട്രസ് ഉഷാകുമാരി.എസ് എന്നിവർക്കൊപ്പം വിദ്യാർത്ഥികളും വിളവെടുപ്പിൽ പങ്കെടുത്തു.

error: Content is protected !!