ലഹരിക്കെതിരായ നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം മന്ത്രി ആര്‍. ബിന്ദു

ലാവോജ് 2023ന് ലോ അക്കാദമിയില്‍ തുടക്കമായി.

ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന സാമൂഹ്യസേവന പരിപാടി ലാവോജ് (ലോ അക്കാദമി വിംഗ്‌സ് ഓഫ് ജസ്റ്റിസ്) 2023 പേരൂർക്കട ലോ അക്കാദമി ലോ കോളേജിൽ ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

ലഹരി ഉപയോഗത്തിനെതിരെ നാശമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിക്കും മത്സരങ്ങള്‍ക്കും തുടക്കമായി. ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന സാമൂഹ്യസേവന പരിപാടി ലാവോജ് (ലോ അക്കാദമി വിംഗ്സ് ഓഫ് ജസ്റ്റിസ്) 2023 പേരൂര്‍ക്കട ലോ അക്കാദമി ലോ കോളേജില്‍ ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പും മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പഴുതടച്ച നിയമനിര്‍മാണം അനിവാര്യമാണെന്നും നിയമപരമായ അവബോധം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹം അണി നിരക്കണം. നിയമത്തെക്കുറിച്ച് അവബോധം ഇല്ലാത്ത ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിയമവിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുതുകാലവും പുതുലോകവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടവരാണ് വിദ്യാര്‍ത്ഥികളെന്നും, അവര്‍ക്ക് നിരവധി പ്രതിവിധികള്‍ സമൂഹത്തിനോട് നിര്‍ദേശിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബോധവത്കരണ പരിപാടി ഒരാഴ്ചക്കാലം മാത്രമായി ഒതുക്കാതെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ തുടര്‍ന്ന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ലഹരി പ്രതിരോധത്തിനായുള്ള കേന്ദ്രസാമൂഹ്യനീതി മന്ത്രാലയത്തിന്റെ പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാന്‍. കേരളത്തിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോ അക്കാദമി ലോ കോളേജ് ലീഗല്‍ എയ്ഡ് ക്ലിനിക് ആന്‍ഡ് സര്‍വീസസും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായും സഹകരിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് പരിപാടി നടത്തുന്നത്. ലീഗല്‍ എയ്ഡ് വീക്കിന്റെ ഭാഗമായി ഇന്റര്‍ കോളേജ് ക്വിസ് മത്സരം, ഇന്റര്‍ കോളേജ് സംവാദ മത്സരം, പാനല്‍ ചര്‍ച്ച എന്നിവയും നടത്തും. ലാവോജ് 2023ന് മുന്നോടിയായി പേരൂര്‍ക്കട മുതല്‍ വെള്ളയമ്പലം വരെ സംഘടിപ്പിച്ച ഇരുചക്ര വാഹനറാലി ലോ കോളേജ് ജംഗ്ഷനില്‍ വി.കെ പ്രശാന്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. വാഹനറാലിയില്‍ പങ്കെടുത്തവര്‍ക്കും തീം ഡാന്‍സ് അവതരിപ്പിച്ചവര്‍ക്കുമുള്ള മൊമന്റോ മന്ത്രി ആര്‍.ബിന്ദു നല്‍കി.

സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി വില്‍സണ്‍ അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കളക്ടര്‍ അഖില്‍ വി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷൈന മോള്‍ എം, ലോ അക്കാദമി ലോ കോളേജ് ഡയറക്ടര്‍ കെ. അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ ഹരീന്ദ്രന്‍.കെ, കെഎല്‍എ ലീഗല്‍എയ്ഡ് ക്ലിനിക് ആന്‍ഡ് സര്‍വീസസ് കോ ഓര്‍ഡിനേറ്റര്‍ അഡ്വക്കേറ്റ് ആര്യ സുനില്‍പോള്‍, ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!