എന്റെ കേരളം മെഗാ മേളയ്ക്ക് നാളെ (മെയ് 20) തുടക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ നാളെ (മെയ് 20) തുടങ്ങും. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രാവിലെ പതിനൊന്നിന് കനകക്കുന്നില്‍ നിര്‍വഹിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ച നിലവിളക്ക് കൊളുത്തിയാണ് മന്ത്രിമാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്നത്. കേരളത്തിന്റെ കാര്‍ഷികത്തനിമ വിളിച്ചോതുന്ന രീതിയില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന ലളിതമായ ഉദ്ഘാടന വേദി ചടങ്ങിന് മാറ്റുകൂട്ടും. ജില്ലയിലെ കൃഷിക്കാരില്‍ നിന്നും കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകളില്‍ നിന്നും ശേഖരിച്ച തനത് കാര്‍ഷിക ഉത്പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന ദിവസം വൈകുന്നേരം എട്ട് മണി മുതല്‍ നിശാഗന്ധിയില്‍ പ്രശസ്ത പിന്നണിഗായകന്‍ എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേളയുമുണ്ടാകും.

പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതോളം സ്റ്റാളുകളിലാണ് മെഗാ മേള ഒരുക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രദര്‍ശന – വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന സര്‍വീസ് സ്റ്റാള്‍, യൂത്ത് സെഗ്മെന്റ്, ടെക്‌നോസോണ്‍ തുടങ്ങിയ നിരവധി വൈവിധ്യങ്ങളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരം നിശാഗന്ധിയില്‍ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളുമുണ്ടാകും. പ്രവേശനം സൗജന്യമാണ്.

error: Content is protected !!