ആലുവയിൽ ബീഹാറിൽ നിന്നുള്ള പെൺകുട്ടിയെ ഉപദ്രവിച്ച മുഖ്യപ്രതിയെ സ്വന്തം ജീവൻ നോക്കാതെ പുഴയിൽ നിന്ന് പിടികൂടിയ സി ഐ ടി യു തൊഴിലാളികളെ മന്ത്രി വി ശിവൻകുട്ടി ആദരിച്ചു

ആലുവയിൽ ബീഹാറിൽ നിന്നുള്ള പെൺകുട്ടിയെ ഉപദ്രവിച്ച മുഖ്യപ്രതി ക്രിസ്റ്റൽ രാജിനെ സ്വന്തം ജീവൻ നോക്കാതെ പുഴയിൽ നിന്ന് പിടികൂടിയ സി ഐ ടി യു തൊഴിലാളികളെ മന്ത്രി വി ശിവൻകുട്ടി ആദരിച്ചു.വി. കെ. ജോഷി, മുരുകേശൻ. ജി. എന്നിവരെയാണ് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരത്ത് മന്ത്രി ആദരിച്ചത്.

ചുമട്ടുതൊഴിലാളികളുടെ തൊഴിൽ മേഖല നവീകരിക്കാൻ വലിയ ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. നവശക്തി പോലുള്ള പദ്ധതി തൊഴിൽ വകുപ്പ് അതിന്റെ ഭാഗമായാണ് നടപ്പാക്കിയത്. കയറ്റിറക്ക് ജോലിക്ക് ആധുനിക സ്വഭാവം കൈവന്നിട്ടുണ്ട്. ആ നൈപുണി എല്ലാ കയറ്റിറക്ക് തൊഴിലാളികളും ആർജിക്കേണ്ടതുണ്ട്.ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണ്.

ചുമട്ടുതൊഴിലാളികൾ നാടിന്റെ സമ്പത്ത് ആണ്. ചുമട്ടുതൊഴിലാളികൾക്ക് നാടിനോടുള്ള പ്രതിബദ്ധത പലതരത്തിൽ തെളിയിക്കപ്പെട്ടതാണ്. കോവിഡ്ക്കാലത്തും നിപ്പാ കാലത്തും ഒക്കെ ഈ പ്രതിബദ്ധത കണ്ടു.

ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്.മൂന്ന് പദ്ധതികളിലായി 50,000 ഓളം അംഗങ്ങളാണ് ഈ ബോർഡിൽ ഉള്ളത്. മൂന്ന് ക്ഷേമ പദ്ധതികളിലൂടെ ഒരു ചുമട്ടു തൊഴിലാളി കുടുംബത്തിലെ ജനനം,വിദ്യാഭ്യാസം ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങി സമസ്ത മേഖലകളിലും ബോർഡ് ഇടപെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ 2022 – 23 അധ്യയന വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10, 12 ക്ലാസുകളിലെ ചുമട്ടു തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നടത്തി.ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ശ്രീലാൽ സ്വാഗതവും തൊഴിലാളി സംഘടനാ നേതാക്കളായ എൻ സുന്ദരൻ പിള്ള,വി ആര്‍ പ്രതാപൻ,പി എസ് നായിഡു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!